Header

സിവിൽ ഡിഫൻസ് ദിനം ആചരിച്ചു

ചാവക്കാട് : ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സിവിൽ ഡിഫെൻസ് അംഗങ്ങൾ ദേശീയ സിവിൽ ഡിഫെൻസ് ദിനമാചരിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് ഡിസംബർ 6ന് ഒരു വർഷം തികഞ്ഞ വേളയിലാണ് ഒന്നാം വാർഷികാഘോഷം നടന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി സ്റ്റേഷൻതല പരിശീലനത്തിന് ശേഷം ഈ മൂന്ന് സ്റ്റേഷനുകളിലെ സിവിൽ ഡിഫെൻസ് അംഗങ്ങൾക്കും ജില്ലാതല പരിശീലനം കുന്നംകുളം അഗ്നിരക്ഷാ നിലയത്തിൽ നടന്ന് വരികയാണ്.

ദുരന്ത മുഖങ്ങളിൽ അഗ്നിരക്ഷാസേനയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള വളണ്ടിയർ സംവിധാനമാണ് സിവിൽ ഡിഫൻസ്. അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുക, ആപൽഘട്ടങ്ങളിൽ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം നിലനിർത്തുക, അപകടത്തിന്റെ വ്യാപ്തി വർധിക്കാതിരിക്കാൻ ആവശ്യമായ പ്രവർത്തനം നൽകുക, അപകട സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക, അടിയന്തര സഹായം എത്തിക്കുക, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ നൽകുക എന്നതാണ് സിവിൽ ഡിഫൻസ് സേനയുടെ മുഖ്യ ലക്ഷ്യങ്ങൾ.

കഴിഞ്ഞ ഒരു വർഷക്കാലമായി മഴക്കെടുതിയിലും വെള്ളക്കെട്ടിലുംപെട്ടവരെ വീടുകളിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുക, കോവിഡ്-19 ലോക്ക് ഡൗൺ സാഹചര്യങ്ങളിൽ വയോധികർക്ക് വീടുകളിലേക്ക് സാധനങ്ങൾ വാങ്ങി കൊടുക്കുക, റേഷൻ വാങ്ങി നൽകുക, ക്വാറന്റയിനിൽ കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുക, കാറ്റിൽ വീണ മരങ്ങൾ മുറിക്കുന്നതിന് അഗ്നിരക്ഷാസേനയെ സഹായിക്കുക എന്നീ പ്രവർത്തനങ്ങൾ സിവിൽ ഡിഫെൻസ് സേനാംഗങ്ങൾ ചെയ്ത് വരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി രക്ഷാപ്രവർത്തനത്തിൽ വീരമൃത്യു വരിച്ച സിവിൽ ഡിഫെൻസ് അംഗങ്ങളായ അഷ്റഫ്, അനുജിത്, ബിനു എന്നിവരെ അനുസ്മരിച്ചു പുഷ്പാർച്ചന നടത്തി. തുടർന്ന് ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം സന്ദേശം നൽകി.

ചടങ്ങിൽ ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി സ്റ്റേഷനുകളിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും സിവിൽ ഡിഫെൻസ് അംഗങ്ങളും ജില്ലാ വാർഡൻ ഷെൽബീർ അലി എന്നിവർ പങ്കെടുത്തു.

thahani steels

Comments are closed.