തീരദേശ ഹൈവേ അനുബന്ധ സൗകര്യങ്ങൾ – മന്ദലാംകുന്ന് ബീച്ചിന് അവഗണന
പുന്നയൂർ: നിർദ്ദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായുള്ള വിവിധ സൗകര്യങ്ങൾ അനുവദിക്കുന്നതിൽ മന്ദലാംകുന്ന് ബീച്ചിനെ അവഗണിച്ചതായി പരാതി.
തൃശൂർ ജില്ലയിൽ തീരദേശ ഹൈവേ ഭൂമി അളന്നു കുറ്റികൾ സ്ഥാപിച്ചു തുടങ്ങിയതോടെ പലയിടങ്ങളിലും ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയകൾ പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ടൂറിസം മാപ്പിൽ വളരെ പ്രാധാന്യമുള്ള മന്നലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയകൾ നിലവിലെ തീരദേശ ഹൈവേ അലൈൻമെന്റിൽ അടയാളപ്പെടുത്തിയിട്ടില്ല.
തീരദേശ ഹൈവേ കടന്നു പോകുന്ന മന്ദലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് തീരദേശ ഹൈവേ തൃശ്ശൂർ എറണാംകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദുവിന് നിവേദനം നൽകി.
കൊച്ചന്നൂർ മന്ദലാംകുന്ന് ബീച്ച് പി.ഡബ്ല്യു.ഡി റോഡ് അവസാനിക്കുന്നതും പുന്നയൂർ പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂൾ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ മന്ദലാംകുന്ന് ബീച്ചിൽ ദിനംപ്രതി ധാരാളം സന്ദർശകരാണ് എത്തുന്നത്. മന്ദലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ അനുവദിക്കൽ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Comments are closed.