കടലോര കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയെന്നാരോപിച്ച് വീടുകയറി ആക്രമണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കടലോരകയ്യേറ്റം നടത്തി വീട് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി നല്‍കിയെന്നാരോപിച്ച് മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതായി പരാതി. എടക്കഴിയൂര്‍ മുട്ടില്‍ വീട്ടില്‍ അബ്ദുള്ള ഭാര്യ ഫാത്തിമ (65)യാണ് പരാതിക്കാരി. വീട്ടില്‍ അതിക്രമിച്ചു കയറി മക്കളെ വധിക്കാന്‍ ശ്രമിക്കുകയും, വൃദ്ധയായ തനിക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്താതായി പരാതിയില്‍ പറയുന്നു. ബ്ലാങ്ങാട് താഴത്ത് വീട്ടില്‍ ഹസ്സന്‍ കോയ മകന്‍ മുനീര്‍, ഹസ്സന്‍കോയയുടെ ഭാര്യയും മുനീറിന്റെ മാതാവുമായ അഫ്‌സത്ത് എന്നിവര്‍ക്കെതിരെയാണ് ചാവക്കാട് പോലീസില്‍ പരാതി നല്‍കിയത്.
എടക്കഴിയൂര്‍ കടലോരത്തുള്ള പുറമ്പോക്ക് കയ്യേറി വീടുകള്‍ വെച്ച് വില്‍പ്പന നടത്തുന്ന മുനീറിന്റെ പിതാവ് ഹസ്സന്‍ കോയക്കെതിരെ സിപിഐ പുന്നയൂര്‍ ലോക്കല്‍ സെക്രട്ടറി വി എ ഷംസുദ്ദീന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി പുറമ്പോക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയിട്ടും പണി നിര്‍ത്തിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചാവക്കാട് എസ് ഐ ക്ക് താഹസില്‍ദാര്‍ ഉത്തരവ് നല്‍കി. ഇതിന് കാരണക്കാരായത് നിര്‍മ്മാണം നടക്കുന്ന വീടിന്റെ സമീപത്ത് താമസിക്കുന്ന ഫാത്തിമയും കുടുംബവുമാണെന്ന് ആരോപിച്ചാണ് മുനീര്‍ ഫാത്തിമയുടെ മക്കളായ മുസ്തഫ (36), ഫാറൂഖ് (24) എന്നിവരെ വധിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച തന്നെ മര്‍ദ്ദിക്കുകയും മാനഹാനി ഉണ്ടാക്കും വിധം പെരുമാറുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവത്തിന് തുടക്കം. ഒന്നരയോടെ മുനീറും മാതാവ് അഫ്‌സത്തും കൂടി ഫാത്തിമയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും, അസഭ്യവര്‍ഷം നടത്തുകയും നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിങ്ങളാണ് കാരണമെന്നും ഇനിയും ഇതു തുടര്‍ന്നാല്‍ നിങ്ങളുടെ മക്കളെ കൊന്നുകളയുമെന്നും മറ്റും ഭീഷണിപ്പെടുത്തി മടങ്ങിയിരുന്നു. വിവരമറിഞ്ഞ ഫാത്തിമയുടെ മകന്‍ മുസ്തഫ മുനീറിനോട് എന്തിനാണ് ഉമ്മ മാത്രമുള്ളപ്പോള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നത് എന്ന് ചോദിച്ച് വാക്കുതര്‍ക്കത്തിന്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് മുനീര്‍ കാണിച്ചു തരാം എന്ന് പറഞ്ഞ് തിരുച്ചു പോകുകയും വൈകീട്ട് ആറരയോടെ വാളുമെടുത്ത് ബൈക്കില്‍ ഫാത്തിമയുടെ വീട്ടിലെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന മക്കളെ വെട്ടാനായി വാളോങ്ങുകയും മുനീറില്‍ നിന്നും വാള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഫാത്തിമയെ കഴുത്തിന് പിടിക്കുകയും മാനഹാനി ഉണ്ടാകും വിധം പെരുമാറുകയും മര്‍ദ്ദിക്കുകയും തള്ളിയിടുംകയും ചെയ്തുവെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടലോര കൈയ്യേറ്റം നടത്തുന്ന മാഫിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് സിപിഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]


 
			 
				 
											
Comments are closed.