ചാവക്കാട് : പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തി തിരിച്ചു പോകുന്നതിനിടെ മരിച്ച എടക്കഴിയൂർ സ്വദേശി ചാലിൽ അലി (65) കൊറോണ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാത്രിയാണ് പരിശോധനാ ഫലം സ്ഥിരീകരിച്ചത്.
ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിൽസയിലായിരുന്ന ഇദ്ദേഹം. പനിയെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിയത്. കോവിഡ്-19 പരിശോധനക്കായി സാംപിളെടുത്ത് അയക്കുകയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും മരണം സംഭവിക്കുകയായിരുന്നു.
കോവിഡ് പരിശോധനാഫലം അറിയാതെ മൃതദേഹം വിട്ടുകൊടുക്കാൻ നിർവാഹമില്ലാത്തതിനാൽ
മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പരിശോധനാഫലം വേഗത്തിൽ ലഭിച്ചതിനാൽ മൃതദേഹം ഇന്ന് തന്നെ വിട്ടുകൊടുക്കും.