Header

മകള്‍ പാര്‍ട്ടി ഗുണ്ടകളുടെ തടവില്‍ : സി പി ഐ നേതാവിന്റെ മകളെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി തട്ടിക്കൊണ്ടുപോയതായി പരാതി

ചാവക്കാട് : അകലാട് വലിയ പുരക്കല്‍ ഇസ്മായില്‍ ആണ് തന്റെ മകള്‍ ഫെബിയെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കിയിരിക്കുന്നത്. കോളേജില്‍ പഠിക്കാന്‍ പോയ മകളെ തട്ടികൊണ്ടുപോയി സി പി ഐ നേതാക്കളുടെ ഒത്താശയോടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പിതാവിന്റെ പാരാതി. സജീവ സി പി ഐ പ്രവര്‍ത്തകനും നേരത്തെ നിരവധി പാര്‍ട്ടി ഭാരവാഹിത്വം വഹിച്ചിരുന്നയാളുമായ അകലാട് വലിയ പുരക്കല്‍ വി ജെ ഇസ്മായില്‍ ആണ് പാര്‍ട്ടി നേതാക്കള്‍ തനിക്കു നീതി നിഷേധിച്ചുവന്നാരോപിച്ചു രംഗത്തെത്തിയിരിക്കുന്നത്‌. മണ്ഡലം ജില്ലാ ഭാരവാഹികള്‍, മന്ത്രി സുനില്‍ കുമാര്‍, എം പി ജയദേവന്‍ എന്നിവരെയെല്ലാം സമീപിച്ച് നിരാശനായാണ് സി പി ഐ മണ്ഡലം ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടു ഇസ്മായിലും കുടുംബവും ചാവക്കാട് വാര്‍ത്ത സമ്മേളനം നടത്തിയത്.
തന്റെ മകളെ കാണിച്ചുതരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി ജില്ലാ ഓഫീസില്‍ ചെന്ന് കരഞ്ഞു കാലുപിടിച്ചിട്ടും നേതാക്കള്‍ ചെവികൊണ്ടില്ലെന്നും ഇസ്മയില്‍ പറഞ്ഞു. മകള്‍ പാര്‍ട്ടി ഗുണ്ടകളുടെ കയ്യിലാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ‌നിസ്സഹായനായ ഇസ്മായില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതി സ്വീകരിച്ച വടക്കേക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മമ്മിയൂര്‍ ആര്യഭട്ട കോളേജില്‍ ബികോം വിദ്യാര്‍ഥിനിയായ ഇസ്മയിലിന്റെ മകള്‍ ഫെബി (22 )യെ കാണാതാകുന്നത്. സംഭവവുമായി ബന്ധപെട്ട് ഇസ്മായില്‍ പറഞ്ഞത് ഇങ്ങനെ : അന്ന് വൈകീട്ട് അഞ്ചരയോടെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് എന്നയാള്‍ ഫോണില്‍ വിളിച്ചു ഫെബി തന്റെ കൂടെയുണ്ടെന്നു പറഞ്ഞു. ഇതറിഞ്ഞതോടെ ഇസ്മായില്‍ സി പി ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ കെ സുധീരനെ നേരില്‍ കണ്ട് വിവരം പറയുകയും തനിക്കു മകളെ നേരിട്ടു കണ്ടു സംസാരിക്കണമെന്നും അവളുടെ സമ്മതപ്രകാരമാണെങ്കില്‍ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ താനും ഭാര്യയും അനുവദിക്കാമെന്നും അറിയിച്ചു. സുധീരന്‍ അതിനുള്ള അവസരം ഉണ്ടാക്കാമെന്നു പറഞ്ഞെങ്കിലും യാതൊന്നുമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജിനെ കണ്ടു ഇതേ കാര്യങ്ങള്‍ പറഞ്ഞു. മകളെ കാണാതായ ദിവസം തന്നെ ഇസ്മയിലും ബന്ധുക്കളും പുതുക്കാട്ടെ ശ്യാലിന്റെ വീട്ടില്‍ എത്തിയെങ്കിലും മകള്‍ അവിടയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വീടിനു പരിസരത്തു ഗുണ്ടകളെന്നു തോനിക്കുന്ന ചിലര്‍ തടിച്ചു കൂടിയിരുന്നു. തങ്ങള്‍ പുലര്‍ച്ചെ അവിടെനിന്നും തിരിച്ചുപോന്നു. പിറ്റേന്ന് തൃശൂര്‍ പാര്‍ട്ടി ഓഫീസില്‍ ചെന്ന് വിവരങ്ങള്‍ പറഞ്ഞു. മകളെ തങ്ങള്‍ക്കു കാണിചു തരണമെന്നും ശ്യാലിന്റെ കൂടെ താമസിക്കാന്‍ അവള്‍ക്കു സമ്മതമാണെങ്കില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും പറഞ്ഞു. ഫെബിയെ ഉച്ചകഴിഞ്ഞു പാര്‍ട്ടി ഓഫീസില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. തുടര്‍ന്ന് ഇസ്മായില്‍ പുതുക്കാട് സി ഐ യുമായി ബന്ധപ്പെട്ടു മകളുമായി സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഫോണില്‍ മകളെ സംസാരിക്കാന്‍ സമ്മതിച്ചെങ്കിലും ഏതോ അജ്ഞാത കേന്ദ്രത്തില്‍ തടങ്കലിലാണെന്ന അവസ്ഥയിലായിരുന്നു മകളുടെ സംസാരം. മകള്‍ കരഞ്ഞു കൊണ്ടാണ് ഫോണിലൂടെ സംസാരിച്ചത്. സംസാരത്തിനിടയില്‍ നിരവധി തവണ ഫോണ്‍ കട്ടായി. തുടര്‍ന്ന് ഇസ്മായില്‍ മന്ത്രി സുനില്‍കുമാറിനെ ഫോണില്‍ വിളിച്ചു. തിരിച്ചുവിളക്കാമെന്നു പറഞ്ഞെങ്കിലും തിരിച്ചുവിളിച്ചില്ല. പിന്നീട് സി എന്‍ ജയദേവന്‍ എം പി യോട് ഇസ്മായില്‍ സംഭവങ്ങള്‍ പറഞ്ഞു. മകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുവരാമെന്നു അദ്ദേഹം ഉറപ്പു നല്‍കി. ഇത് പ്രകാരം ഞായറാഴ്ച ഇസ്മായിലും ഭാര്യയും ബന്ധുക്കളും സി പി ഐ ഓഫീസിലെത്തി. മൂന്നു ദിവസം കൊണ്ട് അതീവ ക്ഷീണിതയായ മകള്‍ തങ്ങളെ കണ്ടു വാവിട്ടു നിലവിളിച്ചു കൊണ്ട് ഉമ്മയെ കെട്ടിപിടിച്ചു. എന്നാല്‍ മകളുമായി സംസാരിക്കാന്‍ അവസരം നല്‍കാതെ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ കാവല്‍ പോലെ ചുറ്റും നിന്നിരുന്നു. തങ്ങള്‍ക്കു നീതി കിട്ടില്ലെന്ന് മനസിലാക്കിയ ഇസ്മായിലും കുടുംബവും അവിടെനിന്നും നിരാശരായി ഇറങ്ങി പോലീസ് സ്റ്റേഷനലിലെത്തി മൊഴി കൊടുത്തു.
നെടുപുഴ പോളിടെക്‌നികില്‍ പഠിക്കുമ്പോള്‍ ഫെബി എ ഐ എസ് എഫില്‍ പ്രവര്‍ത്തിച്ചിരുന്നു. കുറച്ചുകാലം സംഘടനയുടെ ജില്ലാ കമ്മിറ്റിയില്‍ അംഗവുമായിരുന്നു. കോഴ്‌സ് കഴിഞ്ഞു എ എസ് എഫ് പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം ട്രെയിനിങ്ങിനായി ബെര്‍ട്ടെക്‌സ് കമ്പനിയില്‍ ചേര്‍ന്നു. കുറച്ചുകൂടി നല്ല ജോലി ലഭിക്കുവാന്‍ ഡിഗ്രിയെടുക്കണമെന്നു തോനിയത് കൊണ്ടാണ് മമ്മിയൂര്‍ ആര്യഭട്ടയില്‍ ചേര്‍ന്നത്. പുറത്തു പോകുമ്പോള്‍ ഫെബി ഫോണ്‍ കൊണ്ടുപോകാറില്ലായിരുന്നു. മകളെ കാണാതാകുതിനു മൂന്നു ദിവസം മുന്‍പ് മകളുടെ ഫോണിലേക്കു നവ്യ എന്നൊരു പെണ്‍കുട്ടി വിളിച്ചു ഫെബിയുടെ വിവിരങ്ങള്‍ അന്വേഷിച്ചിരുന്നു. മകളെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ മകള്‍ക്കിഷ്ടമില്ലാത്തതു സമ്മതിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ഒത്താശയോടെ ചിലര്‍ ചെയ്യുന്നതെന്ന് ഇസ്മായില്‍ പറഞ്ഞു.

thahani steels

Comments are closed.