ചാവക്കാട് : കള്ളനോട്ടു പിടിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ക്രൈം എ.ഡി.ജി.പി.ക്ക് റൂറല്‍ എസ്.പി. റിപ്പോര്‍ട്ട് നല്‍കി. സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം 21.5 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്.
10 ലക്ഷത്തിന് മുകളില്‍ കള്ളനോട്ടുകള്‍ പിടിക്കുന്ന കേസില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തേണ്ടതെന്നുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കുന്നത്. എസ്.പി.യുടെ റിപ്പോര്‍ട്ടില്‍ ക്രൈം എ.ഡി.ജി.പി. കേസന്വേഷണം നടത്താനുള്ള ഉത്തരവ് തൃശ്ശൂര്‍ ക്രൈംബ്രാഞ്ചിന് നല്‍കും.
ഈ ഉത്തരവ് ഔദ്യോഗികമായി ലഭിക്കാന്‍ അല്‍പ്പം താമസമുണ്ടെങ്കിലും തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് സി.ഐ. രാജേഷ് കെ. മേനോന്റെ നേതൃത്വത്തിലുള്ള സംഘം സമാന്തരമായി കേസന്വേഷണം ആരംഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്.
നോട്ടുകള്‍ പരിശോധിക്കാനായി എന്‍.ഐ.എ., ഐ.ബി. എന്നിവയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയിരുന്നു. പിടിച്ച കള്ളനോട്ടുകള്‍ വിദേശത്തുനിന്നുള്ളവയുടെ മാതൃകയിലുള്ളതല്ലെന്ന് എന്‍.ഐ.എ. സംഘം കണ്ടെത്തി. ഇതിനാല്‍ എന്‍.ഐ.എ. ഈ കേസ് അന്വേഷിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.