ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ചാവക്കാട് : നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതികളെത്തുടർന്ന് അടച്ചുപൂട്ടിയ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് രണ്ടു വർഷത്തിനു മീതെയായി അടഞ്ഞു കിടക്കുന്ന ചാവക്കാട് ചേറ്റുവ റോഡിലുള്ള പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിലാണ് ക്രൈം ബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് റെയ്ഡ് നടത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ജീവനക്കാരുടെയും നിക്ഷേപകരുടെയും സാനിദ്ധ്യത്തിൽ ഇന്ന് രാവിലെ ഒൻപത് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. വൈകുന്നേരം അഞ്ചുമണിവരെ റെയ്ഡ് തുടരുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം തൃപ്രയാർ ബ്രാഞ്ചിലും റെയ്ഡ് നടന്നിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ചിരുന്നത്. പണം നിക്ഷേപിച്ചവർക്ക് ആദ്യം പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് പണമോ ലാഭവിഹിതമോ തിരികെ ലഭിച്ചില്ല. സാധാരണക്കാരായ പ്രവാസികളും റിട്ടയർമെന്റ് തുക നിക്ഷേപിച്ചവരുമാണ് ഇതിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്.പ്രവാസി ഡെപ്പോസിറ്റെഴ്സ് ഗ്രൂപ്പ്, വിക്ട്ടിം ഗ്രൂപ്പ് തുടങ്ങിയ പേരുകളിൽ സംഘടനയുണ്ടാക്കി തങ്ങളുടെ പണം തിരികെ കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് നിക്ഷേപകർ. ചാവക്കാട് ബ്രാഞ്ചിൽ മാത്രം പണം നിക്ഷേപിച്ചവർ ആയിരത്തോളപേരുണ്ടെന്ന് പ്രവാസി ഡെപ്പോസിറ്റെഴ്സ് ഗ്രൂപ്പ് പ്രസിഡണ്ട് വിദ്യോത്തമൻ പറഞ്ഞു. ചാവക്കാട് മേഖലയിൽ കമ്പനി വാങ്ങിച്ചിരുന്ന പ്രോപ്പർട്ടികളിൽ പലതും ഡയറക്ടർമാർ പോലും അറിയാതെ വിറ്റതായും നിലവിൽ ഓഫീസിൽ നിൽക്കുന്ന കെട്ടിടവും പറമ്പും കെ എസ് എഫ് ഇ യിൽ പണയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വാർദ്ധക്യത്തിൽ ജീവിക്കാൻ ഒരു ഉപാധി എന്നനിലയിലാണ് ഇവിടെ പണം നിക്ഷേപിച്ചത് എന്നാൽ ഇപ്പോൾ വളരെ ദുരിതത്തിലാണ് ജീവിതം മുന്നോട്ട് പോവുന്നതെന്ന് നിക്ഷേപകർ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ നിക്ഷേപകർക്ക് വേണ്ടി രംഗത്ത് വരുന്നില്ലെന്നും എല്ലാ പാർട്ടി നേതൃത്വങ്ങളിലും സ്വാധീനമുള്ളവരാണ് ഇതിന്റെ നടത്തിപ്പുകാരെന്നും ആരോപണമുണ്ട്. അയ്യന്തോൾ, വെസ്റ്റ് ഫോർട്ട്, പാവറട്ടി, തൃപ്രയാർ, കൊടുങ്ങല്ലൂർ, എടപ്പാൾ തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കമ്പനിക്ക് ഓഫീസുകളുണ്ട്.


Comments are closed.