ചാവക്കാട്: നഗരമധ്യത്തില്‍ തണല്‍ വിരിച്ചു നിന്നിരുന്ന ചീനി മരം നിഷ്കരുണം വെട്ടിമാറ്റി. മരത്തില്‍ വസിച്ചിരുന്ന നൂറുകണക്കിന് നീര്‍കാക്ക കുഞ്ഞുങ്ങളെ അധികൃതരുടെ ഒത്താശയോടെ പോലീസ് കാവലില്‍ കൊന്നൊടുക്കി. അപകടാവസ്ഥയോ ഗതാഗത തടസ്സമോ ഇല്ലാതെ ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപം റോഡിന്റെ അരികുപറ്റി നില്‍ക്കുന്ന ചീനി മരമാണ് അധികൃതര്‍ മുറിച്ചു നീക്കിയത്. കാലങ്ങളായി നീര്‍ക്കാക്കളുടെ പ്രജനന കേന്ദ്രമായിരുന്നു ഈ മരം. നൂറുകണക്കിന് നീര്‍ക്കാക്കളുടെ വാസവും ഇവിടെയായിരുന്നു. ചീനിമരത്തിന്റെ കൊമ്പുകള്‍ വെട്ടി നിലത്തിടുമ്പോള്‍ നീര്‍ക്കാക്കളുടെ കൂടും കുഞ്ഞുങ്ങളും മുട്ടകളും താഴെ വീണു തകര്‍ന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ ചിലമ്പലുകള്‍ക്ക് മേലെ തള്ള പക്ഷികള്‍ വട്ടമിട്ടു പറന്നു.
കൊമ്പുകള്‍ മുറിച്ചു തുടങ്ങിയതോടെ താഴെ വീണ കുഞ്ഞുങ്ങളെ തൊഴിലാളികള്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ചു. ചാക്കിലും റോഡിലുമായി കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങി. ചാവക്കാട് ട്രാഫിക് ഐലാന്റ് പരിസരം നീര്‍ക്കാക്ക കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി.
വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഗണത്തിലുള്ളതാണ് നീര്‍ക്കാക്കകള്‍. ഇവയെ വേട്ടയാടുന്നതും ആവാസവ്യവസ്ഥ തകര്‍ക്കുന്നതും കുറ്റകരമാണെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. ദേശാടനപ്പക്ഷികളായ ഇവ ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നുമാസക്കാലയളവിലാണ് പ്രജനനത്തിനായി മരത്തില്‍ കൂടുകൂട്ടുക.
ഇത്തരത്തില്‍ വിരിഞ്ഞിറങ്ങിയ പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ് ഞായറാഴ്ച താഴെവീണ് ചത്തത്. ഒരു മാസം കഴിഞ്ഞാല്‍ എല്ലാ മുട്ടകളും വിരിഞ്ഞ് ഇവ അടുത്തമേച്ചില്‍ പുറങ്ങളിലേക്ക് ചേക്കറുമായിരുന്നു.
അതിരാവിലെ തന്നെ തുടങ്ങിയ മരം മുറിക്കല്‍ പാതിരാത്രി വരെ വിശ്രമമില്ലാതെ തുടര്‍ന്നു. പൂര്‍ണ്ണമായും മുറിച്ച് നീക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. വിവരമറിഞ്ഞു പ്രതിഷേധക്കാര്‍ എത്തുമെന്നും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും മനസ്സിലാക്കിയാണ് ഞായറാഴ്ച്ച ദിവസം തന്നെ മരം മുറിച്ചു നീക്കാന്‍ തിരഞ്ഞെടുത്തതും ഒറ്റ ദിവസം കൊണ്ട് തന്നെ മുറിച്ചുനീക്കിയതും. മരത്തിന് മുകളില്‍ നീര്‍ക്കക്കകള്‍ ചേക്കേറുന്നതും കൂടുകളും കുഞ്ഞുങ്ങളും ഉണ്ടെന്നും ചാവക്കാട്ടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന്റെ മേലങ്കിയണിഞ്ഞു പ്രത്യക്ഷപ്പെടാറുള്ളവരാണ് മരംമുറിക്കുമ്പോള്‍ നിസംഗരായി നോക്കിനിന്നവരില്‍ പലരും.
റോഡ്‌ വികസനത്തിന്റെ ഭാഗമായി കാന കീറുമ്പോള്‍ മരത്തിന്റെ വേരുകള്‍ തടസ്സമാകുമെന്നതിനാലാണ് മരം മുറിച്ചതെന്നാണ് അധികൃതരുടെ വാദം.