കൗതുക പിറവി – നെറ്റിയിൽ കണ്ണുമായി ഒറ്റക്കണ്ണൻ ആട്ടിൻ കുട്ടി

പുന്നയൂർ : വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി നെറ്റിയിൽ കണ്ണുമായി ഒറ്റക്കണ്ണൻ ആട്ടിൻ കുട്ടി. അകലാട് മൂന്നയിനി കിഴക്ക് ഭാഗം കൊട്ടിലിൽ ഹസീന എന്ന ഐഷയുടെ വീട്ടിലെ ആടാണ് നെറ്റിയിൽ കണ്ണുള്ള ആട്ടിൻകുട്ടിയെ പ്രസവിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു ആട് രണ്ടു കുട്ടികളെ പ്രസവിച്ചത്. ഒരു കുട്ടി ആരോഗ്യത്തോടെ ഓടിക്കളിക്കുന്നുണ്ടെങ്കിലും വൈകല്യം സംഭവിച്ച ആട്ടിൻ കുട്ടിയുടെ കഴുത്തിനു ബലമില്ല, എണീറ്റു നിൽക്കാൻ കഴിയുന്നുമില്ല. ജനിതക വൈകല്യമാണ് ഇത്തരം കുട്ടികൾ ഉണ്ടാവാൻ കാരണമെന്ന് പുന്നയൂർ വെറ്റിനറി ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. പാല് കുടിക്കാൻ കഴിയാതിരുന്ന കുട്ടിക്ക് സിറിഞ്ചു ഉപയോഗിച്ചാണ് പാൽ നൽകിയിരുന്നത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ അമ്മയുടെ അകിട്ടിൽ നിന്നും പാൽ വലിച്ചു കുടിക്കാൻ തുടങ്ങിയിട്ടുണ്ട്.

അകലാട് തന്നെയുള്ള ഒരു വീട്ടിൽ നിന്ന് മൂന്നു കുട്ടികളോടൊപ്പം വാങ്ങിയ ആട് ആയിഷയുടെ കയ്യിൽ എത്തിയതിനു ശേഷം ഇത് രണ്ടാമത്തെ പ്രസവമാണ്. പത്തു വർഷമായി ആയിഷ ആട് വളർത്തൽ തുടങ്ങിയിട്ട്. പത്തോളം ആടുകളും രണ്ടു പോത്തുമുണ്ട് ആയിഷയുടെ കൊച്ചു ഫാമിൽ. കോഴിയും താറാവും ധാരാളമുണ്ടായിരുന്നെങ്കിലും താറാവുകളെ അടുത്തിടെ ഒഴിവാക്കി.

Comments are closed.