ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ ജഡം കണ്ടെത്തി – മലപ്പുറം കോടൂർ സ്വദേശിയെന്ന് സംശയം

ചാവക്കാട്: ചാവക്കാട് കോടതിക്ക് മുന്നിലെ കെട്ടിടടങ്ങൾക്ക് പുറകിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുരുഷൻ്റെ അഴുകിയ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് വിവരം അറിഞ്ഞത്. കാവി മുണ്ടും കറുത്ത ഷർട്ടുമാണ് വേഷം. തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹം വികൃതമായിട്ടുണ്ട്. രണ്ടാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം.

ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിൽ നിന്നും മൊബൈൽ ഫോണും ആധാർ കാർഡും കണ്ടെടുത്തു. മലപ്പുറം കോടൂർ പഞ്ചായത്തിലെ വലിയാട് സ്വദേശി കൊലക്കാട്ടിൽ അബ്ദുൽ റഷീദ് (49) എന്ന വിലാസത്തിലുള്ള ആധാർ കാർഡ് ആണ് മൃതദേഹത്തിൽ നിന്നും കണ്ടുകിട്ടിയത്. ആധാർ കാർഡ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Comments are closed.