ചാവക്കാട്: റിമാൻഡ് പ്രതി ഉമർ ഖത്താബിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഒരുമനയൂർ കർമസമിതി പ്രവർത്തകർ സബ്ജയിലിന് മുന്നിലേക്ക് പ്രകടനം നടത്തി. സംഭവത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നും കർമസമിതി ആവശ്യപ്പെട്ടു. സംഭവം കഴിഞ്ഞ് രണ്ടുമണിക്കൂറിന് ശേഷമാണ് തൊട്ടടുത്തുള്ള ചാവക്കാട് പോലീസിൽ വിവരം ലഭിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെന്ന ജയിൽ ജീവനക്കാരുടെ മൊഴിയും മരിച്ചതിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന ഡോക്ടറുടെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേട് അന്വേഷിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. ഗോപകുമാർ പ്രവർത്തകർക്ക് ഉറപ്പ്‌ നൽകിയതോടെയാണ് ജയിലിന് മുന്നിലെ ധർണ അവസാനിപ്പിച്ചത്. കർമസമിതി പ്രവർത്തകരായ കെ.ജെ. ചാക്കോ, പി.എം. താഹിർ, പി.പി. മൊയ്‌നുദ്ദീൻ, വി.എം. ഹംസക്കുട്ടി, ഹംസ കാട്ടത്തറ, വി.പി. സുബൈർ, എ. സലീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.