ചാവക്കാട് നഗരത്തിൽ ടൗൺ ഹാൾ പണിയാൻ തീരുമാനമായി സ്റ്റേഡിയം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം നിർമ്മിക്കും
ചാവക്കാട് : പുതിയപാലത്തിന് സമീപത്തായി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.91 ഏക്കർ സ്ഥലത്ത് ചാവക്കാട് നഗരസഭ ടൗൺ ഹാൾ പണിയാൻ തീരുമാനമായി. നിലവിൽ കളി സ്ഥലമായി ഉപയോഗിച്ച് വരുന്ന ഈ സ്ഥലത്ത് സ്റ്റേഡിയം പണിയും എന്നാണ് കരുതിയിരുന്നത്. പകരം ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപമുള്ള നഗരസഭയുടെ 3.41 ഏക്കർ ഭൂമിയിൽ സ്റ്റേഡിയം പണിയാൻ തീരുമാനിച്ചു. ചെയർപേഴ്സൻ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാൻ, ലേബർ ബഡ്ജറ്റ് എന്നിവ കൌൺസിൽ അംഗീകരിച്ചു. പദ്ധതിക്കായി 76550000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആകെ 911 പദ്ധതികളിലായി 147685 തൊഴിൽദിനങ്ങളാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ചാവക്കാട് നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അറ്റകുറ്റപ്പണിക്കായുള്ള 2048500 രൂപയുടെ ടെൻഡർ കൌൺസിൽ അംഗീകരിച്ചു.
അമൃത് പദ്ധതിയുടെ ഭാഗമായി പുളിച്ചിറക്കെട്ട് കുളം നവീകരണ പ്രവർത്തിക്കായി ഡി.പി.ആർ തയ്യാറാക്കുന്നതിന് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ആർകിടെക്ട് വിഭാഗത്തെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് അമൃത് 2.0 പ്രകാരം നഗരസഭക്ക് ലഭിക്കുക.
ചാവക്കാട് നഗരസഭ വാർഡ് 4 ൽ പുനരർപ്പണം റോഡിനെ പുന്നയൂർ പഞ്ചായത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിയമാനുസൃതം ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കുന്നതിന് തീരുമാനിച്ചു.
Comments are closed.