ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ അഴുകിയ ജഡം
ചാവക്കാട്: ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ ജഡം ഒഴുകി നടക്കുന്നു. പതിനഞ്ചടിയോളം നീളം വരുന്ന തിമിംഗലത്തിന്റെ ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ് കരയിൽ നിന്നും രണ്ടു നോട്ടിക്കൽ മയിൽ അകലെ പൊന്തിക്കിടക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു ഒരുമണിയോടെ യാണ് അഴുകി വീർത്ത ജഡം ദ്വാരക ബീച്ചിന് പടിഞ്ഞാറ് കടലിൽ കണ്ടതെന്നു ബി ബി സി ടൂറിസം വോളണ്ടിയേഴ്‌സ് പറഞ്ഞു. കടല്‍ കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ സൂര്യാസ്തമയം കഴിഞ്ഞും ജഡം തീരത്തടിയുന്നതും കാത്ത് നിന്നു. നിരവധിപേർ ബി ബി സി ടൂറിസം കമ്പനിയുടെ സ്പീഡ് ബോട്ട് യാത്ര ഉപയോഗപ്പെടുത്തി കടലാനയുടെ ജഡം കടലിൽ പോയി കണ്ടു. അഴുകി വീർത്ത് രൂപമാറ്റം സംഭവിച്ച ജഡത്തിൽ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതായി ബോട്ട് യാത്ര നടത്തിയ സഞ്ചാരികൾ പറഞ്ഞു. കടലാനയുടെ ജഡം അടുത്ത ദിവസങ്ങളിലായി തീരത്തടിയും എന്നാണ് കരുതുന്നത്. പത്തുവർഷങ്ങൾക്ക് മുൻപ് ചാവക്കാട് ബീച്ചിൽ ഭീമൻ കടലാനയുടെ ജഡം അടിഞ്ഞിരുന്നു. ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാനയുടെ ജഡത്തിനു അഞ്ചു ടൺ ഭാരം കാണും.
Comments are closed.