പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം – വടക്കേക്കാട് പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നു. ഇതിനകം പത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തൃപ്പറ്റ്, പരൂര്‍, ചമ്മന്നൂര്‍ ഭാഗങ്ങളിലും വടക്കേക്കാട് പഞ്ചായത്തില്‍ പറയങ്ങാട്, നായരങ്ങാടി, ഞമനേങ്ങാട്, മണികണ്‌ഠേശ്വരം ഭാഗങ്ങളിലുമാണ് രോഗം ബാധിച്ചിട്ടുള്ളത്. കൊതുകുനിവാരണം ലക്ഷ്യമിട്ടുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. രോഗബാധിതരുള്ള പ്രദേശങ്ങളില്‍ ഫോഗിങ്ങും വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ. പ്രദീപ്, അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. റോഡരികുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങള്‍ നിറയുന്നതുമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്
മറ്റു പകര്‍ച്ചപ്പനികളും മേഖലയില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവും അഞ്ഞൂറിലധികം രോഗികളാണ് എത്തുന്നത്. സ്വകാര്യ ആസ്പത്രികളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പനിബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രക്തപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.