ലിജിത്ത് തരകന്‍
jayalakshmiഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ മുൻ പട്ടിവര്‍ഗ യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ക്ഷോഭിച്ചലറി ദേവസ്വം ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥൻറെ പെരുമാറ്റത്തിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. മകളുടെ ചോറൂണിനെത്തിയപ്പോഴാണ് യു.ഡി.എഫ് മന്ത്രിസഭയിൽ  മന്ത്രിയായിരുന്ന ജയലക്ഷ്മിക്ക് ദുരനുഭവമുണ്ടായത്. ജയലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്ന ഗുരുവായൂർ നഗരസഭ കൗൺസിലർ ലത പ്രേമനും നേരെയാണ് ഉദ്യോഗസ്ഥൻറെ ക്ഷോഭപ്രകടനമുണ്ടായത്. ദർശനം നടത്താനാതെ വന്നതിൽ ദുഃഖിതയായ ജയലക്ഷ്മി ഉത്സവ കഞ്ഞി കുടിക്കാൻ പോലും നിൽക്കാതെ ഗുരുവായൂരിൽ നിന്ന് മടങ്ങിയെങ്കിലും കൗൺസിലർ സംഭവങ്ങൾ വിശദീകരിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ ‘കടക്കൂ പുറത്ത്’ ക്ഷേത്രത്തിലും ആവർത്തിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് പരാതിയിൽ പറയുന്നു. പരുഷമായ ഭാഷയിലാണ് ദേവസ്വം ഉദ്യോഗസ്ഥൻ തന്നോട് സംസാരിച്ചതെന്ന് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ജയലക്ഷ്മി ലേഖകനോട് പറഞ്ഞു. മകളുടെ ചോറൂണിനാണ് ജയലക്ഷ്മിയും ഭർത്താവ് അനിൽകുമാറും ബന്ധുക്കളോടൊപ്പം വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയത്. കൗൺസിലറായ ലത പ്രേമനും ഇവർക്കൊപ്പം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ചോറൂൺ ചടങ്ങിന് ശേഷം വരിയിൽ നിൽക്കാതെ ദർശനം നടത്താനുള്ള അനുമതിക്കായി ക്ഷേത്ര ഗോപുരത്തിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥനിൽ നിന്ന് ശകാരവർഷമുണ്ടായതെന്ന് ലത പ്രേമൻ പറഞ്ഞു. വി.ഐ.പികൾ ദർശനത്തിനെത്തുമ്പോൾ വരിയിൽ നിൽക്കാതെ കടത്തിവിടുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ പതിവുള്ളതാണ്. കൂടെയുള്ളത് മുൻ മന്ത്രിയാണെന്ന് പറഞ്ഞു തുടങ്ങും മുമ്പേ പുറത്തു കടക്കാൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ലത പ്രേമൻ പറഞ്ഞു. മുൻ മന്ത്രിയും കൗൺസിലറും എന്ന പരിഗണന പോയിട്ട്, രണ്ട് സ്ത്രീകൾ എന്ന പരിഗണന പോലുമില്ലാതെയായിരുന്നുവത്രേ സംസാരം. കാര്യം പറയും മുമ്പേ ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടത്. മാന്യമല്ലാത്ത സംസാരം കേട്ടതോടെ മനംനൊന്ത ജയലക്ഷ്മി ചോറൂണ് കഴിഞ്ഞല്ലോ ഇനി ദർശനത്തിന് നിൽക്കേണ്ട എന്ന് പറഞ്ഞ് ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. ഉത്സവകഞ്ഞി കുടിച്ച് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായ ദുരനുഭവം ആഘാതമായതോടെ അവർ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് മടങ്ങി. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സെക്യൂരിറ്റി ജീവനക്കാരും മാന്യമായാണ് പെരുമാറിയതെന്ന് ലത പ്രേമൻ പറഞ്ഞു. എന്നാൽ വരിയിൽ നിൽക്കാതെ അകത്തേക്ക് വിടാൻ അനുമതി നൽകേണ്ട ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. ഇത്രയും മാന്യമല്ലാത്ത പെരുമാറ്റം മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ മേളം കഴിയും വരെ കാത്തിരിക്കാൻ മാത്രമാണ് പറഞ്ഞതെന്നും മോശമായി സംസാരിച്ചിട്ടില്ലെന്നുമാണ് ദേവസ്വം അധികൃതർ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷം ആവശ്യമെങ്കിൽ നടപടിയുണ്ടാവുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ലേഖകനോട് പറഞ്ഞു.