ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എട്ട് ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിയിലെത്തികഴിഞ്ഞു. ഗുരുവായൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 45ലക്ഷം രൂപ വിനിയോഗിച്ചാണ് ‍ഡയാലിസിസ് യൂണിറ്റിനുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ആര്‍ ഓ പ്ലാന്റ് ഉടനടി പ്രവര്‍ത്തന സജ്ജമാകും.താലൂക്ക് ആശുപത്രിയില്‍ മൂന്ന് പദ്ധതികള്‍ക്കായി മൂന്ന് കോടി ഏഴ് ലക്ഷം രൂപ ആരോഗ്യവകുപ്പ് അനുവദിച്ചു. താലൂക്ക് ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഒന്നരകോടി രൂപയും പോളി ക്ലിനിക്ക് കെട്ടിടത്തിന് ഒരുകോടി പത്ത് ലക്ഷം രൂപയും സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്മെന്‍റിന് 47 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പ്രസ്തുത പദ്ധതികള്‍ക്ക് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഭരണാനുമതി നല്‍കി കഴിഞ്ഞ ദിവസം ഉത്തരവായി.
താലൂക്ക് ആശുപത്രിയില്‍ പുതിയ സ്റ്റാഫ് തസ്തികയും അനുവദിച്ചു.