ചാവക്കാട് : കനോലികനാലില്‍  മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു.  ഇരുകരകളിലുമുള്ളവര്‍ക്ക് ദുരിതം സമ്മാനിച്ച്  കനാലില്‍ പായല്‍ നിറയുന്നു. പായല്‍ ചീയുന്നതുമൂലം കരകള്‍ക്കിരുവശവുമുള്ള കിണറുകളിലെ വെള്ളത്തില്‍ രൂക്ഷമായ ദുര്‍ഗന്ധം. കുടിവെള്ളക്ഷാമം രൂക്ഷമായ തീരമേഖലകളില്‍  കിണര്‍ വെള്ളം ഉപയോഗ ശൂന്യമാകുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. അറവു അവശിഷടങ്ങളും, മറ്റു മാലിന്യങ്ങളും വന്‍ തോതില്‍ കനോലി കനാലില്‍ തള്ളുന്നതിന്റെ ദുരിതം പേറുകയാണ് കനാലിന്റെ ഇരു കരകളിലെയും താമസക്കാര്‍.  വേലിയിറക്ക സമയത്ത് ഒരുമനയൂര്‍ ലോക്കിന്റെ ഷട്ടറുകള്‍ തുറന്നിട്ടാല്‍ പായലും മാലിന്യങ്ങളും ഒഴുകി പ്പോകും. സാധാരണ കനോലികനാലില്‍ പായലും മാലിന്യങ്ങളും നിറഞ്ഞാല്‍ ലോക്കിന്റെ ഷട്ടറുകള്‍ അല്പ്പ നേരത്തേയ്ക്ക് തുറക്കാറാണ് പതിവ് എന്നാല്‍ ഒരുമനയൂര്‍ ലോക്കിന്റെ തുരുമ്പെടുത്ത ഷട്ടര്‍  ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ല. ഷട്ടറിന്റെ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന നാട്ട്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അധികൃതര്‍ ചെവികൊടുത്ത മട്ടില്ല. ഒരുമനയൂര്‍ ലോക്കിന്റെ തുരുമ്പെടുത്ത ഷട്ടറിന്റെ ദ്വാരങ്ങളിലൂടെ ഉപ്പുവെള്ളം കനോലികനാലിലേയ്ക്ക് വന്‍തോതില്‍ കയറുന്നുണ്ട്. അധികൃതരുടെ കടുത്ത അനാസ്ഥമൂലം കനാല്‍ പരിസരവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമൊണ് നാട്ടുകാരുടെ ആവശ്യം.