Header

പഞ്ചായത്ത് അധികൃതര്‍ പൈപ്പ് പൂട്ടി – മുനക്കകടവ് ഹാര്‍ബറില്‍ കുടിവെള്ളം കിട്ടാനില്ല

water tapചാവക്കാട്: മുനയ്ക്കക്കടവ് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായിട്ട് മൂന്നുമാസമാവുന്നു. ഹാര്‍ബറില്‍നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാപ്പ് പഞ്ചായത്ത് അധികൃതര്‍ അടച്ചതാണ് ഇവരുടെ വെള്ളംകുടി മുട്ടിച്ചത്. ഹാര്‍ബറിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍നിന്നാണ് മത്സ്യത്തൊഴിലാളികള്‍ കാലങ്ങളായി കുടിവെള്ളത്തിനായും പാചകത്തിനായും വെള്ളമെടുത്തിരുന്നത്. ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങിയ കാലംമുതല്‍ ഈ ടാപ്പില്‍നിന്നാണ് ഇവര്‍ വെള്ളമെടുക്കുന്നത്. ഹാര്‍ബറിന് തെക്കോട്ടുള്ള ഭാഗത്തേക്ക് കുടിവെള്ളമെത്തുന്നില്ല എന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ടാപ്പിന്റെ വാല്‍വ് അടച്ചതത്രേ. പ്രധാന പൈപ്പ് പോകുന്ന റോഡില്‍നിന്ന് ഹാര്‍ബര്‍ നില്‍ക്കുന്നിടത്തേക്ക് ഇറക്കമായതിനാല്‍ വെള്ളം മറ്റ് ഭാഗങ്ങളിലേക്ക് പോകാതെ ഹാര്‍ബറിലെ ടാപ്പിലേക്ക് പോകുന്നെന്ന കാരണം പറഞ്ഞായിരുന്നു വാല്‍വ് അടച്ചത്.
എന്നാല്‍, ഇങ്ങനെ ചെയ്തിട്ടും തെക്കന്‍ ഭാഗത്തേക്ക് വെള്ളം വരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ചുരുക്കത്തില്‍ രണ്ടിടത്തും കുടിവെള്ളം വിതരണം നിലച്ച അവസ്ഥായാണിപ്പോള്‍. പഞ്ചായത്ത് മെമ്പറോട് പരാതി പറഞ്ഞപ്പോള്‍ വിഷു കഴിയട്ടേയെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍, വിഷു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഹാര്‍ബറിലെ ടാപ്പിലേക്ക് വെള്ളമെത്തിയിട്ടില്ല.
നൂറുകണക്കിന് ബോട്ടുകളാണ് മുനയ്ക്കക്കടവ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നത്. ഓരോ ബോട്ടുകാര്‍ക്കും 50 ലിറ്റര്‍ വെള്ളമെങ്കിലും ആവശ്യമായിവരും. കുടിവെള്ളത്തിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനുമൊക്കെയാണ് ഈ വെള്ളം ഉപയോഗിക്കുക. നേരത്തെ ഈ വെള്ളം ഹാര്‍ബറിലെ ടാപ്പില്‍നിന്നാണ് തൊഴിലാളികള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍, വെള്ളത്തിനായി അലയേണ്ട അവസ്ഥയാണ് ഇവര്‍ക്കിപ്പോള്‍. മുനയ്ക്കക്കടവിലെ ഐസ് പ്ലാന്റില്‍ ഉപ്പുവെള്ളമായതിനാല്‍ ഇതിനുള്ള സാഹചര്യമില്ല. സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും കുടിവെള്ളം ലഭ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. എത്രയും പെട്ടെന്ന് ഹാര്‍ബറിലെ ടാപ്പില്‍ വെള്ളമെത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Comments are closed.