എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കില്‍ സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം
ചാവക്കാട്: സീറോ ബാലന്‍സ് അക്കൗണ്ടെടുക്കാന്‍ ബാങ്കിലെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നതായി ആക്ഷേപം.
എടക്കഴിയൂര്‍ എസ്.ബി.ഐ ബാങ്കിലെ ജീവനക്കാരാണ് സാധാരണക്കാരായ ആളുകള്‍ക്ക് അക്കൗണ്ട് നിഷേധിക്കുന്നത്. ബാങ്കിലെത്തുന്നവരോട് അക്കൗണ്ടിന്റെ ആവശ്യം ചോദിച്ചറിഞ്ഞ് സീറോ ബാലന്‍സ് അക്കൗണ്ടാണെന്നുറപ്പായാലാണ് ജീവനക്കാര്‍ അവരെ തിരിച്ചയക്കുന്നത്. അക്കൗണ്ട് എടുക്കല്‍ അത്യാവശ്യമാണെങ്കില്‍ കിലോമീറ്ററുകള്‍ക്കുപ്പുറം അകലാട് മൂന്നയിനിയിലുള്ള അക്ഷയ കേന്ദ്രത്തിലേക്ക് പോകാനും നിര്‍ദ്ദേശിക്കുന്നുണ്ട്. എടക്കഴിയൂര്‍ മേഖലയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ബാങ്കാണിത്. സ്‌കൂളിലേക്കും തൊഴിലുറപ്പിനും ഉള്‍പ്പടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളിലേക്കായി അത്യാവശ്യമായി അക്കൗണ്ടെടുക്കാനെത്തുന്ന സാധാരണക്കാരെയാണ് ബാങ്ക് ജിവനക്കാര്‍ മടക്കുന്നത്. നാട്ടുകാരുടെ പരാതിയറിഞ്ഞ് പുന്നയൂര്‍ പഞ്ചായത്ത് അംഗം ജിസ്‌ന റനീഷ് അക്കൗണ്ടെടുക്കാനെന്ന വ്യാജേന പഞ്ചായത്ത് അംഗമാണെന്ന് വ്യക്തമാക്കാതെ ബാങ്കിലെത്തിയപ്പോഴും അക്ഷയ കേന്ദ്രത്തിലേക്ക് പോകാനാണ് ജിവനക്കാര്‍ നിര്‍ദ്ദേശിച്ചത്. ആഴ്ച്ചകളായി ഇത് തുടരുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാല്‍ ബാങ്കില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാലാണ് രണ്ട് ദിവസമായി വരുന്നവരോട് ഇങ്ങനെ നിര്‍ദ്ദേശിച്ചതെന്ന് മാനേജര്‍ പറഞ്ഞു. ആഴ്ച്ചകളായി ഇത് നടക്കുന്നുണ്ടെന്ന് കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നേരത്തെ അപേക്ഷ ഫോറം ഇല്ലായിരുന്നുവെന്നായി അദ്ദേഹം. സാധാരണക്കാരോടുള്ള ബാങ്ക് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി അയക്കുമെന്നും നീതിക്കായി ബാങ്കിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നും സി.പി.എം പുന്നയൂര്‍ സൗത്ത് സെക്രട്ടറി ടി.വി സുരേന്ദ്രന്‍ അറിയിച്ചു.
Comments are closed.