Header

വിദ്യാര്‍ത്ഥികള്‍ക്ക് ചുമട്ടുതൊഴിലാളികളുടെ കൈതാങ്ങായി പഠനോപകരണം

ഗുരുവായൂര്‍ : നഗരത്തിലെയും പരിസരത്തെയും എയിഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ചുമട്ടു തൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ഗവ.യു.പി സ്‌കൂള്‍, എ.യു.പി സ്‌കൂള്‍, തിരുവെങ്കിടം എ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ 350ഓളം വരുന്ന കുട്ടികള്‍ക്കാണ് നോട്ട് ബുക്ക്, സ്ലേറ്റ്, പേന, പെന്‍സില്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ നല്‍കുന്നത്. ഈ സ്‌കൂളുകളിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് ചായ പെന്‍സിലുകളും ചിത്രം വരക്കാനുള്ള പുസ്തകങ്ങളുംനല്‍കും. ഇതിനായി 35000 രൂപയോളം ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ എന്ന നിലക്കാണ് സര്‍ക്കാര്‍ – എയിഡഡ് സ്‌കൂളുകള്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷവും ഈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 11.30 ന് തിരുവെങ്കിടം എ.എല്‍.പി സ്‌കൂളില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും, രാവിലെ 10ന് ജി.യു.പി സ്‌കൂളില്‍ നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരിയും, രാവിലെ 10.30ന് എ.യു.പി സ്‌കൂളില്‍ ചാവക്കാട് നഗരസഭാധ്യക്ഷനും ചുമട്ടു തൊഴിലാളി യൂനിയന്‍ ഏരിയ സെക്രട്ടറിയുമായ എന്‍.കെ.അക്ബറുമാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക. സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി.സുനില്‍കുമാര്‍, ഹെഡ് ലോഡ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ സെക്രട്ടറി കെ.എ.പുഷ്‌കരന്‍, ടി.സി.ഡേവിഡ്, കെ.സി.ചന്ദ്രന്‍, വി.എസ്.ദിനേശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.