ചാവക്കാട് : ചാവക്കാട്‌ നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മണത്തല പരപ്പില്‍താഴം ഖര മാലിന്യ സംസ്കരണശാലയെ ചൊല്ലിയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. 2010 ഓഗസ്റ്റ്‌ മാസത്തിലാണ് ജലസേചനവകുപ്പ്‌ മന്ത്രിയായിരുന്ന പ്രേമചന്ദ്രന്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്‌. ഉദ്ഘാടനം കഴിഞ്ഞു എട്ടു വര്‍ഷം കഴിഞ്ഞിട്ടും പരപ്പില്‍ താഴം കുപ്പത്തൊട്ടിയായി തന്നെ തുടരുന്നു. അറുപത്തിയെഴോളം സെന്‍റ് സ്ഥലത്തെ വലിയ ചുറ്റുമതിലും അതിനകത്തെ ആയിരം സ്ക്വയര്‍ഫീറ്റില്‍ അധികം വരാത്ത ഷീറ്റ് മേഞ്ഞ കെട്ടിടവും ഉണക്കിയ കമ്പോസ്റ്റ് പൊടിക്കുവാനുള്ള പ്രവര്‍ത്തനരഹിതമായ യന്ത്രത്തെയും നോക്കുകുത്തിയാക്കി കെട്ടിടത്തിനു പുറത്തെ കോമ്പൌണ്ടില്‍ മാലിന്യം കുന്നു കൂട്ടിയിരിക്കയാണ് ഇപ്പോഴും. പ്ലാസ്റ്റിക്കും തുണികളും പച്ചക്കറികളും ഹോട്ടല്‍ മാലിന്യങ്ങളും കൂടിക്കലര്‍ന്നാണ് മാലിന്യ മല രൂപപ്പെട്ടിട്ടുള്ളത്.
മണത്തല പരപ്പില്‍ താഴത്തേക്ക് പ്രവേശിക്കുന്നതോടെ ദുര്‍ഗന്ധം നമ്മെ ശ്വാസം മുട്ടിക്കും. കുന്നു കൂടിക്കിടക്കുന്ന മാലിന്ന്യകൂമ്പാരത്തില്‍ നിന്നും പുഴുവരിക്കുന്ന അഴുക്ക് വെള്ളം ഊറി മതില്‍കെട്ടിനടിയിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്കും മത്തിക്കായലിലേക്കും ഒഴുക്കി വിടുന്നു. എന്നാല്‍ പ്ലാന്റില്‍ നിന്നും പുറത്തെ കാനയിലെക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് പൊതു ജനത്തിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ വിദഗ്ധമായി സ്ലാബുകള്‍ സ്ഥാപിച്ച് മൂടിയിട്ടുണ്ട്‌.
ഒന്‍പതു വര്‍ഷങ്ങള്‍ മുന്പ് സോഷ്യല്‍ എക്കണോമിക്‌ യൂണിറ്റ് തൃശൂര്‍ പ്രൊജെക്റ്റ് ഓഫീസിനു കീഴിലാണ് ഖരമാലിന്യ സംസ്കരണ ശാലയുടെ നിര്‍മ്മാണം ആരംഭിച്ചത്. അറുപത് ലക്ഷം രൂപയുടെ പദ്ധതിയില്‍ 41 ലക്ഷത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നടന്നിരുന്നുള്ളൂ. എസ് ഇ യു ഓഫീസും നഗരസഭയും തമ്മിലുള്ള ഇടപാടുകളിലെ അപാകതകള്‍ മൂലം ആ പ്രോജക്റ്റ് അവിടെ സ്തംഭിക്കുകയാണ് ഉണ്ടായത്.
പിന്നീട് നഗരസഭാ ജൈവ വള നിര്‍മ്മാണം ആരംഭിച്ചെങ്കിലും അത് പരിമിതമായ അളവില്‍ മാത്രമാണ് നടന്നു കൊണ്ടിരിക്കുന്നത്. മാലിന്യം അതിനേക്കാള്‍ പത്തിരട്ടി ദിനംപ്രതി വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. പരിസരത്തുള്ള മൂന്നര ഏക്കറോളം സ്ഥലം നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. സംസ്കരണ ശാലയോട് ചേര്‍ന്നുള്ള പാടവും ഇടത്തോടും നികത്തി അവിടെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിനുള്ള കെട്ടിട നിര്‍മ്മാണവും നടന്നു വരുന്നുണ്ട്. പണി പൂര്‍ത്തിയാകുന്നതോടെ പ്ലാസ്റ്റിക്കുകള്‍ യാര്‍ഡിലേക്ക് മാറ്റും.
വലിയ തോതില്‍ ജൈവ വളം ഉണ്ടാക്കാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ കുന്നു കൂടുന്ന പ്ലാസ്റ്റികേതര മാലിന്യങ്ങള്‍ പരിസരവാസികളുടെ ജീവിതം കൂടുതല്‍ ദുരിതമാക്കും.
ഉദ്ഘാടനം കഴിഞ്ഞു എട്ടു വര്‍ഷം പൂര്‍ത്തിയായിട്ടും മാലിന്യ സംസ്കരണ ശാലക്ക് കുപ്പത്തൊട്ടിയേക്കാള്‍ മെച്ചപ്പെട്ട ഒരവസ്ഥയുണ്ടാക്കിയെടുക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇനിയൊരു പ്രതീക്ഷയില്ലെന്നും, വാഗ്ദാനങ്ങള്‍ വഞ്ചനയാണെന്ന് തിരിച്ചരിഞ്ഞെന്നും ഇനിയും മാലിന്യം കൂട്ടിയിടാന്‍ ഇവിടെ അനുവദിക്കില്ലെന്നുമാണ് പരിസരവാസികള്‍ പറയുന്നത്.
.