ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടു നാല് ദിവസമായി നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗം സോഫിയയെ പരിശോദിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ചാവക്കാട് തഹസില്‍ദാര്‍ പ്രശാന്ത് പോലീസിനു ഫോണില്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ആംബുലന്‍സും സന്നാഹവുമായി എത്തിയ പോലീസിനെയും വില്ലേജ് ഓഫീസറെയും സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തിയ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. പിന്നീട് താസില്‍ദാര്‍ നേരിട്ട് എത്തുകയും സോഫിയയോടും സമരാനുഭാവികളോടും ചര്‍ച്ച ചെയ്തു. രാവിലെ സംസ്കരണ ശാലയും സമരപ്പന്തലും സന്ദര്‍ശിച്ച നേരം സോഫിയയെ പരിക്ഷീണയായി കാണുകയും കൂടെ നിന്നവര്‍ മെഡിക്കല്‍ ട്രീറ്റ് മെന്‍റ് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ അറിയിക്കുകയായിരുന്നു, മെഡിക്കല്‍ ട്രീറ്റ്മെന്റ് ആവശ്യമാണെന്ന ആരോഗ്യവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍ തന്റെ ഒരാളുടെ ആരോഗ്യമല്ല പ്രശ്നമെന്നും പരപ്പില്‍ താഴം നിവാസികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്നും ട്രന്ജിംഗ് ഗ്രൌണ്ട് വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നും കുറഞ്ഞ പക്ഷം കലക്ടരോ പ്രതിനിധിയോ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം ഉറപ്പ് നല്‍കണമെന്നും സോഫിയ പറഞ്ഞു. അല്ലാത്ത പക്ഷം സമരപ്പന്തല്‍ വിട്ടിറങ്ങില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് തഹസില്‍ദാര്‍ ജില്ലാ അധികാരികളുമായി ബന്ധപ്പെടുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും പരപ്പില്‍ താഴം സന്ദര്‍ശിക്കണമെന്ന ആവശ്യം അറിയിക്കുകയും ചെയ്തു. വിവരങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം തഹസില്‍ദാറും സംഘവും തിരിച്ചുപോയി.
നാളെ ജില്ലാ അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കാനിരിക്കെ സമരത്തെ പരാജയപ്പെടുത്താനുള്ള നഗരസഭാധികാരികളുടെ ആസൂത്രിത ശ്രമമാണ് സോഫിയയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ഒരുങ്ങിയതിനു പിന്നിലെന്നു കോണ്ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ഫോട്ടോ: തഹസില്‍ദാര്‍ സമരപ്പന്തലില്‍ സോഫിയയുമായി സംസാരിക്കുന്നു