ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ ദുരിതങ്ങളില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയുടെ ആരോഗ്യനില വഷളായി. നിരാഹാരസമരം നാലാം ദിവസത്തേക്ക് കടന്ന ഇന്ന് സോഫിയയുടെ ശബ്ദം നഷ്ടപ്പെട്ടു. ശാരീരകമായി തളര്‍ന്നു കിടപ്പായ സോഫിയക്ക് പതിഞ്ഞ ശബ്ദത്തില്‍ പോലും സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സമരത്തിനു പിന്തുണയുമായി വിവിധ കക്ഷി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളും വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിട്ടും ആരോഗ്യവിഭാഗമോ അധികാരികളോ തിരിഞ്ഞു നോക്കിട്ടിയില്ല. എന്നാല്‍ സോഷ്യല്‍മീഡിയ ഉള്‍പ്പെടെ സമരം ഏറ്റെടുത്തതോടെ പ്രതിഷേധം ശക്തമാകുകയാണ്
പുഴു തിളയ്ക്കുന്ന ട്രഞ്ചിംഗ് ഗ്രൌണ്ടിനു സമീപം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി ഉണ്ടാക്കിയ സമരപ്പന്തലിലാണ് ശക്തമായ മഴയും കാറ്റും വകവെക്കാതെ രാവും പകലും സോഫിയ കഴിയുന്നത്.
വെള്ളവും മണ്ണും വായുവും മലിനീകരിക്കപ്പെട്ട പരപ്പില്‍ താഴത്തെ ജന ജീവിതം ദുരിതപൂര്‍ണ്ണമാണ്. ആണ്‍കുട്ടികള്‍ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ വീട്ടില്‍ നില്‍ക്കാന്‍ തയ്യാറാവാതെ പോവുകയാണെന്ന് ഉമ്മമാര്‍ പരാതി പറയുന്നു. വൃദ്ധരും കുട്ടികളും ഉള്‍പ്പെടെയുള്ള പലരും നിത്യ രോഗത്തിന്‍റെ പിടിയിലാണെന്നും നാട്ടുകാര്‍ പരിതപിക്കുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നും പുഴു അരിക്കുന്ന വെള്ളം മത്തിക്കായലിലെക്ക് ഒഴുക്കിവിട്ട് കായല്‍ വിഷമയമായിരിക്കുന്നു. കായല്‍ ശുചീകരണത്തിനിടെ അട്ട കടിച്ച് വിഷബാധയേറ്റ്
ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.