mehandi new

തിരഞ്ഞെടുപ്പ് പരാജയം – ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ ആരോപണം

fairy tale

ചാവക്കാട്: ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലിയെ വിജയിപ്പിക്കുന്നതില്‍ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേയും പ്രസിഡണ്ട് സി.എച്ച് റഷീദിനെതിരേയും ശക്തമായ ആരോപണങ്ങളാണ് നേതാക്കള്‍ നിരത്തിയത്. സാദിഖലിയെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്വയം സ്ഥാനാര്‍ത്ഥിയായി പലയിടത്തും ജില്ലാ പ്രസിഡന്‍റ് പ്രത്യക്ഷപെട്ടത് ലീഗിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ലീഗ് ചരിത്രത്തില്‍ സ്ഥാനാര്‍ത്ഥി മോഹമുള്ളവര്‍ സാധാരണ മഹല്ല് കേന്ദ്രീകരിച്ചും മറ്റും പൗരപ്രമുഖരെ പാണക്കാട്ടേക്കയച്ചുമാണ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആ പതിവ് വിട്ട് നിയോജക മണ്ഡലത്തിലെ ലീഗ് നേതാക്കള്‍ക്കു പുറമെ കോണ്‍ഗ്രസ് നേതക്കളേയും മലപ്പുറത്തേക്ക് നേതാക്കളെ കാണാനയച്ച നടപടി നാട്ടില്‍ ചര്‍ച്ചയായിരുന്നു. ഇതും ലീഗ് അണികളില്‍ അസംതൃപ്തിയുണ്ടാക്കാന്‍ കാരണമായെന്ന് ആക്ഷേപമുയര്‍ന്നു. ഗുരുവായൂരിലെ തെരഞ്ഞെടുപ്പിനോട് ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ ഗൗരവമായി സമീപിച്ചില്ലെന്നും യു.ഡി.എഫിനെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ ഇത് തടസ്സമായെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പല പഞ്ചായത്ത് കമ്മിറ്റികളും നിര്‍ജീവമായെന്നും പറയുന്നുണ്ട്. ജില്ലാ പ്രസിഡന്റ് എന്ന നിലക്ക് സി.എച്ച് റഷീദ് തന്‍റെ പദവി ശരിയായി ഉപയോഗിച്ചില്ലെന്നും ആരോപണമുണ്ടായി.
പി.എം സാദിഖലിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മുസ്ളിം ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയ കമ്മീഷനു മുമ്പാകെയാണ് നേതാക്കള്‍ ആരോപണങ്ങളുടെ കെട്ടഴിച്ചത്.
തൃശൂര്‍ ജില്ലാ ലീഗ് ഓഫീസില്‍ വ്യാഴാഴ്ച്ച വൈകുന്നേരം നാലിനാണ് കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചത്. മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍ ഷംസുദ്ധീന്‍, ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നേതാവ് ടി.എം സലീം ഇടുക്കി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഇത് രണ്ടാം തവണയാണ് നേതാക്കളെത്തെുന്നത്. കഴിഞ്ഞ 15ന് ചാവക്കാട് ഗവ.റെസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു നേരത്തെ നടന്ന അന്വേഷണം. അംഗങ്ങളില്‍ എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ എത്താതിരുന്ന ഈ തെളിവെടുപ്പില്‍ പുന്നയൂര്‍ പഞ്ചായത്ത് ലീഗ് ഭാഗരവാഹികള്‍ ഉള്‍പ്പടെ ചിലരും എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ച്ച വീണ്ടും തെളിവെടുപ്പ് നടന്നത്.
മുസ്ളിം ലീഗിന്റെ പോഷക സംഘടനയായ എസ്.ടി.യു ഉള്‍പ്പടെയുള്ള നേതാക്കളില്‍ നിന്നും നേതാക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ത്തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ ശുഷ്ക്കാന്തി കാണിച്ചില്ലെന്ന പരാതിയാണ് അധികപേരും ഉന്നയിച്ചത്. രാത്രി ഏറെ വൈകിയാണ് തെളിവെടുപ്പ് അവസാനിച്ചത്. ലഭ്യമായ വിവരം ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.