കലാശകൊട്ട് നിരോധിച്ച പോലീസ് നടപടിയില്‍ സി പി എം പ്രതിഷേധം
ചാവക്കാട് : തെരഞ്ഞെടുപ്പ് പ്രചരണസമാപനദിവസം അവസാനമണിക്കൂറില്‍ നടത്തുന്ന കലാശകൊട്ട് നിരോധിച്ച പോലീസ് നടപടിക്കെതിരെ സി പി എം പ്രതിഷേധിച്ചു. ചാവക്കാട് സി ഐ എ ജെ ജോണ്സന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗത്തിലാണ് കലാശക്കൊട്ട് നിരോധനത്തിനെതിരെ സി പി എം പ്രതികരിച്ചത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്രം ഇല്ലാതാക്കുന്ന കലാശകൊട്ട് നിരോധിച്ച നടപടി മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചതോടെ സിപിഎം തങ്ങളുടെ തീരുമാനത്തില്‍ പുനരാലോചന നടത്താമെന്ന നിലപാടെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കലാശകൊട്ട് എന്ന പരിപാടി നിരോധിച്ചതെന്നും പൊതുജനങ്ങളുടെ യാത്രാസൗകര്യം തടസപ്പെടുത്തുന്ന കലാശകൊട്ട് നഗരത്തില്‍ അനുവധിക്കാനാകില്ലെന്നും യോഗാരംഭത്തില്‍ സി ഐ വിശദീകരിച്ചു. എല്ലാവരും ചേര്‍ന്നെടുക്കുന്ന തിരുമാനവും പോലീസ് നിര്‍ദേശങ്ങളും സി പി ഐ അടക്കമുള്ളവര്‍ അംഗീകരിച്ചു. എന്നാല്‍ പ്രചരണസമാപന ദിവസം വൈകീട്ട് നാലരമുതല്‍ അഞ്ചുവരെ തങ്ങള്‍ വാഹനങ്ങളുമായി നഗരത്തിലെത്തുമെന്ന് സി പി എം നേതാക്കള്‍ നിലപാടറിയിച്ചു. ഇതോടെ തങ്ങളും നഗരത്തിലെത്തുമെന്ന് മറ്റുള്ളവരും നിലപാടെടുത്തതോടെ ചര്‍ച്ച വഴിമുട്ടി . തുടര്‍ന്ന് സി ഐ ഔദ്യോഗിക നിലപാട് യോഗത്തില്‍ ആവര്‍ത്തിച്ചു. തിരുമാനങ്ങള്‍ സംബന്ധിച്ച നോട്ടീസ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുമെന്നും ഇതിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിച്ച് തെളിവുസഹിതം തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും സി ഐ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അവരെ ഉപദ്രവിക്കുന്ന തിരുമാനങ്ങള്‍ സ്വീകരിക്കരുതെന്നും അദേഹം ആവശ്യപ്പെട്ടു. വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഓരോ പാര്‍ട്ടിക്കാര്‍ക്ക് ഗതാഗത തടസമില്ലാതെ പ്രചരണപ്രവര്‍ത്തനങ്ങളുടെ സമാപനം നടത്താന്‍ അനുവദിക്കുന്നകാര്യം പരിഗണിക്കാമെന്നും അദേഹം യോഗത്തെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നോട്ടീസ് എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കി.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പും ശാന്തമായി നടത്തുവാന്‍ എല്ലാ സഹകരണവും രാക്ഷ്ട്രീയ കക്ഷി നേതാക്കള്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, സി പി എം പ്രതിനിധികളായ എം കൃഷ്ണദാസ്, എ എച്ച് അക്ബര്‍, മുസ്‌ലീം ലീഗ് പ്രതിനിധി എ കെ അബ്ദുള്‍കരീം, കോണ്‍ഗ്രസ് പ്രതിനിധികളായ ആര്‍ രവി കുമാര്‍, എ എം അലാവുദീന്‍, എച്ച് എം നൗഫല്‍, സി പി ഐ പ്രതിനിധി അഡ്വ പി മുഹമ്മദ് ബഷീര്‍, ബി ജെപി പ്രതിനിധികളായ സുമേഷ് തേര്‍ളി, അജിത്ത്കുമാര്‍, മറ്റു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി കെ ഷിനാര്‍, എം കെ അസ്‌ലം, സി ആര്‍ ഹനീഫ, നാസര്‍ പരൂര്‍, ഫാറൂഖ്, ഷംസു കല്ലൂര്‍, ചാവക്കാട് എസ് ഐ എം കെ രമേഷ്, വടക്കേക്കാട് എസ് ഐ പി കെ മോഹിത് എന്നിവര്‍ പങ്കെടുത്തു. സി ഐ എജെ ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു.
Comments are closed.