തൃശൂർ ജില്ലാ കലോത്സവത്തിനു തിരഞ്ഞെടുത്തത് പ്രശസ്ത കലാകാരൻ അസ്ലം തിരൂരിന്റെ ലോഗോ
കുന്നംകുളം : പ്രശസ്ത ചിത്രകാരനും തിരൂർ, തുമരക്കാവ് എ.എൽ.പി സ്കൂൾ റിട്ടയർഡ് അറബിക് അധ്യാപകനുമായ അസ്ലം തിരൂർ രൂപകല്പന ചെയ്ത ലോഗോയാണ് മുപ്പത്തിയഞ്ചാമത് തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു തിരഞ്ഞെടുത്തത്. മുപ്പതോളം എൻട്രികളിൽ നിന്നായിരുന്നു ലോഗോ തിരഞ്ഞെടുപ്പ്.
ചിത്രരചന, ലോഗോ രൂപകൽപന, കവിത, മാപ്പിള ഗാനരചനാ രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് അസ്ലം. രേഖാചിത്രങ്ങൾ കൂടാതെ ജലച്ചായത്തിലും, അക്രിലിക്, എണ്ണച്ചായം തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചും ചിത്രരചന നടത്തുന്നതിൽ അസ്ലം മികവ് തെളിയിച്ചിട്ടുണ്ട്.
2013 ലെ ആൾ കേരള കിൻറർ ഫെസ്റ്റ് ലോഗോ, 2017കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ, നിരവധി തവണ ജില്ലാ, സബ് ജില്ലാ കലോത്സവ, ‘ ശാസ്ത്രോത്സവ ലോഗോകൾ, KATF, KSTU തുടങ്ങിയ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങൾക്കും തുടർച്ചയായ വർഷങ്ങളിൽ ലോഗോ രൂപകൽപന ചെയ്തു. മലയാളം അധ്യാപകരുടെ കൂട്ടായ്മയായ തിരൂർ മലയാളം ലോഗോ, 2018 ൽ കണ്ണൂരിൽ വെച്ചു നടന്ന നാഷണൽ സ്കൂൾ ഗെയിംസ് തൈക്വാൺഡോ ചാമ്പ്യൻഷിപ്പ് ലോഗോ, 2022 ഏപ്രിലിൽ കോഴിക്കോടു വെച്ചു നടന്ന WORLD FOOTVOLLEY CHAMPlONSHIP നുള്ള ലോഗോ, ഈ വർഷം കോഴിക്കോടു വെച്ചു നടന്ന നാഷണൽ ഫൂട് വോളി ചാമ്പ്യൻഷിപ്പ് ലോഗോ, 2023മെയ് 1 മുതൽ 12 വരെ തിരുവനന്തപുരത്തു വെച്ച് നട ന്ന പ്രഥമ കേരള ഒളിംബിക് ഗെയിംസിൻ്റെ ലോഗോ, കേരളത്തിലെ പ്രശസ്തമായ ജി.വി. രാജ സ്പോർട്സ് സ്കൂളിൻ്റെയും, തൃശൂർ സ്പോർട്സ് ഡിവിഷൻ്റെയും ലോഗോകൾ, 2022-23 തിരുവനന്തപുരത്ത് വെച്ചു നടന്ന കേരള സ്കൂൾ ഗെയിംസ് ലോഗോ, 2024-25 സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ ലോഗോ, ഈ വർഷത്തെ മലപ്പുറം ജില്ലാ കായിക മേള ലോഗോ എന്നിവ അസ്ലം രൂപകല്പന ചെയ്തതാണ്. നിരവധി സ്ഥാപനങ്ങൾക്കു വേണ്ടിയും, ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാലയങ്ങൾക്കു വേണ്ടിയും ലോഗോ രൂപകൽപന ചെയ്തിട്ടുണ്ട്. കേരള സർക്കാറിൻ്റെ വിദ്യാഭ്യാസ വകുപ്പിൻ്റെ പാഠ പുസ്തകങ്ങൾക്കു വേണ്ടിയും അസ്ലം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
റിട്ടയർഡ് വിൽപന നികുതി ഓഫീസർ എം. മൊയ്തീൻ കുട്ടിയാണ് പിതാവ്. മാതാവ് കോടിയേരി ഫാത്തിമ. ഭാര്യ കരകൗശാല വിദഗ്ധയായ ഷബ്ന മഹ്റ. മകൻ ജസീം അസ്ലം (ബിഎഡ് വിദ്യാർത്ഥി) മരുമകൾ ഹിദായ.
Comments are closed.