mehandi new

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി – രണ്ട് മാസത്തിനിടെ കവർന്നത് ഇരുപതോളം പവൻ സ്വർണം

fairy tale

ഗുരുവായൂർ : നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് ഒടുവിൽ ഗുരുവായൂർ പോലീസിന്റെ പിടിയിലായി. രണ്ട് മാസത്തിനിടയിൽ ഇരുപതോളം പവൻ സ്വർണമാണ് ഇയാൾ കവർന്നത്. ഇതിൽ പത്ത് പവനോളം പോലീസ് കണ്ടെടുത്തു. മലപ്പുറം താനൂർ സ്വദേശി മൂർക്കാഡൻ പ്രദീപിനെയാണ് ഗുരുവായൂർ എ.സി.പി.  പി.കെ.ബിജു, എസ്.എച്ച്.ഒ. ജി.അജയകുമാർ, എസ്.ഐ. കെ.ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 

തിരുവെങ്കിടം ഫ്രണ്ട്സ് റോഡിൽ കൈപ്പട ഉഷ, ക്ഷേത്ര ദർശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചൈതന്യ വീട്ടിൽ രത്നമ്മ, ആറന്മുള സ്വദേശി രേഖ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി, തെക്കേനടയിൽ പുളിയശേരി ലജീഷിന്റെ ഭാര്യ സിന്ധു എന്നിവരുടെ മാലകൾ കവർന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ നിരവധി വീടുകളിൽ ഇയാൾ മോഷണത്തിന് ശ്രമിച്ചിരുന്നു. മോഷണത്തിനു ശേഷം കോഴിക്കോട്ടേക്ക് പോവുകയും ധൂർത്തടിക്കുകയുമാണ് പതിവ്. പുലർച്ചെ മോഷണം നടത്തി മടങ്ങുന്നതിനാൽ പോലീസിന് പ്രതിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല. നവംബർ 20ന് മോഷണത്തിന് എത്തിയ സമയത്ത് സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. ഇതാണ് നിർണായക തെളിവായത്. മോഷണം നടത്തി മടങ്ങുമ്പോൾ തിരുവെങ്കിടം ചീരോത്ത് സന്തോഷിന്റെ ബൈക്കുമായാണ് പ്രതി രക്ഷപ്പെട്ടത്. ഈ ബൈക്ക് പൊന്നാനിയിൽ വച്ചതിനുശേഷം അവിടെനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിൽ എത്തിയത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി 12 ഓളം മോഷണ കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. ആറുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. മോഷ്ടിച്ച 83 ഗ്രാം സ്വർണം പോലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തു. മോഷണ വസ്തുക്കൾ വില്പന നടത്തുന്നതിന് സഹായിച്ചയാളെ കുറിച്ചും പോലീസിനെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി അടുത്ത ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കും.

planet fashion

Comments are closed.