ചാവക്കാട് : ടാ തടിയാ നീ .. പഴയ സഹപാഠികള്‍ മുസ്തഫാനെ കണ്ട് മൂക്കത്ത് വിരല്‍ വെച്ചു. ചാവക്കാട് ഹൈസ്കൂളില്‍ കഴിഞ്ഞ വര്‍ഷം എടുത്താല്‍ പൊന്താത്ത ശരീവും വലിച്ച് ഉരുണ്ട് നീങ്ങിയിരുന്ന പന്ത്രണ്ടാം ക്ലാസ്സുകാരന്‍ മുസ്തഫ കൂട്ടുകാര്‍ക്ക് കൌതുകമായിരുന്നു. 137 കിലോ ശരീര ഭാരത്തോടൊപ്പം പാഠപുസ്തകങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഭാരം പേറിയുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല മുസ്തഫക്ക്. പേരകം പുത്തന്‍വീട്ടില്‍ കരീം നദീറ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഏക ആണ്‍തരിയായ മുസ്തഫ ഇന്ന് 77 കിലോ തൂക്കമുള്ള ഒത്ത മസല്‍മാന്‍ ആണ്.
ഏഴ് വര്‍ഷം മുന്പ് പിതാവ് മരണപ്പെട്ട മുസ്തഫ പ്ലസ്ടു കഴിഞ്ഞിറങ്ങി കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി. ഭീമാകാരമായ ശരീരവും വെച്ചുള്ള യാത്രയും തൊഴിലും എളുപ്പമല്ല എന്ന് മനസ്സിലാക്കിയതോടെ തടികുറയ്ക്കുന്നതിനെകുറിച്ച് മാത്രമായി ചിന്ത. തുടര്‍ന്ന് ‘ട്രിപ്പില്‍ എച്ച് ‘ഫിട്നസ് സെന്ററിലെ ഷഹീര്‍ സാറിന്റെ അടുത്തെത്തുകയായിരുന്നു. ഷഹീര്‍ പകര്‍ന്നു നല്‍കിയ ആത്മ വിശ്വാസവും പരിശീലനവും കഠിനമായ പരിശ്രമങ്ങള്‍ക്ക് മുസ്തഫയെ സന്നദ്ധനാക്കി. മൂന്നു മാസമാകുമ്പോഴേക്കും വ്യക്തമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. പത്തു മാസം കൊണ്ട് 137 കിലോ യില്‍ നിന്നും 77 കിലോ ഭാരമുള്ള വടിവുള്ള ആകാരമായി മുസ്തഫക്ക്. തടിയനും കുടവയറനുമായ മുസ്തഫയെ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആളെ അത്ര പെട്ടെന്ന് തിരിച്ചറിയില്ല.
രണ്ടു ചപ്പാത്തി, അല്പം ഓട്സ്, വല്ലപ്പോഴും ഉച്ചക്ക് കുറച്ച് ചോറ്, ദിവസവും പത്ത് കിലോമീറ്റര്‍ ഓട്ടം, ആഴ്ചയില്‍ ആറു ദിവസം എക്സൈസ്, മുസ്തഫയുടെ ശരീരത്തിനനുസരിച്ചുള്ള പ്രത്യേക പരിശീലനമെല്ലാം നല്‍കിയാണ് പത്തുമാസം കൊണ്ട് തടി ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ട്രെയിനര്‍ ഷഹീര്‍ പറഞ്ഞു.
ബുദ്ധി മാന്ദ്യം സംഭവിച്ചവരും സെന്ററില്‍ വരുന്നുണ്ടെന്നും ഇവര്‍ക്ക് പ്രത്യേകം ട്രെയിനിംഗ് നല്‍കുന്നുണ്ടെന്നും ഷഹീര്‍ പറഞ്ഞു.