ഭരണത്തിന്റെ ഒന്നാം വർഷം – വികസന കുതിപ്പിൽ ചാവക്കാട് നഗരസഭ
ചാവക്കാട്: നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചും തുടക്കം കുറിച്ചും ചാവക്കാട് നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തീകരിക്കുന്നു.
നഗരസഭാ ഭരണമേറ്റതിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പുത്തൻകടപ്പുറത്തെ നവീകരിച്ച ആരോഗ്യ ഉപകേന്ദ്രം ”ബാപ്പുസെയ്ദ് സ്മാരക ഹെൽത്ത് സെന്റർ” എന്ന് നാമകരണം ചെയ്ത് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിങ്കൾ ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷനാകും. 19 ലക്ഷം രൂപ വകയിരുത്തിയാണ് തീരദേശവാസികൾക്ക് ഏറെ ആശ്വാസമാവുന്ന ഹെൽത്ത് സെന്റർ നഗരസഭ പുനർനിർമ്മിച്ചത്. ആരോഗ്യ ഉപകേന്ദ്രം അർബൻ ഹെൽത്ത് സെന്ററായി ഉയർത്താൻ നഗരസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് ചെയർപേഴ്‌സൻ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും നിരവധി വികസനപ്രവർത്തനങ്ങൾ ഒരു വർഷത്തിനിടെ നടത്താനായെന്നും പല പദ്ധതികളും അവസാനഘട്ടത്തിലാണെന്നും ചെയർപേഴ്‌സൻ പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് 10,000 രൂപയുടെ ധനസഹായം നഗര സഭയിലെ 13 പേർക്ക് നൽകി. താലൂക്ക് ആശുപത്രിയിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, പുത്തൻകടപ്പുറം ജി ആർ എഫ്
ടി എച്ച് സ്‌കൂളിൽ ആർട്‌സ് ആൻഡ് കൾച്ചറൽ ബ്ലോക്ക്, വാതിൽപ്പടി സേവനം, മിയാവാക്കി മോഡൽ വനം വെച്ചുപിടിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പാക്കിയ പ്രധാന പദ്ധതികൾ.
ദീർഘദൂര യാത്രികർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിശ്രമത്തിനുമായുള്ള ”ടെയ്ക്ക് എ ബ്രേയ്ക്ക്” പദ്ധതിയുടെ ഭാഗമായി കോടതി പരിസരം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ”ടെയ്ക്ക് എ ബ്രേയ്ക്ക്” സംവിധാനം ഒരുക്കുന്നതാണ് നിർമാണത്തിന്റെ അവസാനഘട്ടത്തിലുള്ളവയിൽ പ്രധാനപ്പെട്ടത്.
നഗരസഭ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കോടതി പരിസരത്ത് ഒരുക്കിയ ”ടെയ്ക്ക് എ ബ്രേയ്ക്ക്” സംവിധാനം ഉദ്ഘാടനത്തിന് സജ്ജമായി. 14 ലക്ഷം രൂപ ചെലവിട്ട് രണ്ട് നിലകളിലായാണ് ബസ്സ്റ്റാന്റിൽ ഈ സംവിധാനം ഒരുക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും മൂന്ന് വീതം ശോച്യാലയങ്ങൾ, ഒരു മിനി കഫേ, വിശ്രമത്തിനായി ഒരു വരാന്ത എന്നിവ ഉൾപ്പെടുന്നതാണ് ബസ്സ്റ്റാൻഡിലെ ”ടെയ്ക്ക് എ ബ്രേയ്ക്ക്” സംവിധാനം. ഇത് നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് 17 ലക്ഷം രൂപ വകയിരുത്തി നഗരസഭ നാല് വാട്ടർ എ ടി എം സ്ഥാപിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഇത് പ്രകാരം ചാവക്കാട് നഗരസഭ ഓഫീസ് അങ്കണം, ചാവക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ വാട്ടർ എ ടി എം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കി 2 വാട്ടർ കിയോസ്‌ക്കുകളുടെ നിർമ്മാണം സ്ഥലലഭ്യതക്കനുസരിച്ച് എത്രയും വേഗം പൂർത്തീകരിക്കും.
മുതുവട്ടൂരിലുളള നഗരസഭ ലൈബ്രറി കെട്ടിടത്തിന്റെ മുകൾനിലയിൽ 12 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്ക് ഹെൽത്ത് ക്ലബ്ബിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 8 ലക്ഷം രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഇതിലേക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനവും ഉടനെയുണ്ടാവും.
ചാവക്കാട് അരിയങ്ങാടിയിൽനിന്ന് സിവിൽസ്‌റ്റേഷനിലേക്ക് പുഴയോരപാത, നഗരസഭയിലെ പ്രധാന പ്രകൃതി ദത്ത ജലസംഭരണികളിലൊന്നായ പുളിച്ചിറക്കെട്ട് സംരക്ഷിക്കുന്നതിനും ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച ജലരക്ഷ-ജീവരക്ഷ പദ്ധതി, മാലിന്യസംസ്‌ക്കരണത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം, മണത്തല ജി എച്ച് എസ് സ്‌കൂളിലെ ആർട് ആൻഡ് കൾച്ചറൽ ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങിയവയുടെ ഉദ്ഘാടനവും ഉടനെയുണ്ടാവുമെന്ന് ചെയർപേഴ്‌സൻ അറിയിച്ചു.
വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്, ഷാഹിന സലീം, പി എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ.എ വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, എം ആർ രാധാകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.