mehandi new

തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു – ഫ്ളക്സ് ബോര്‍ഡ് മത്സരം പൊടിപൊടിക്കുന്നു

fairy tale

ചാവക്കാട്: തെരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചതോടെ ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പടം വെച്ചുള്ള ഫ്ളക്സ് ബോര്‍ഡ് മത്സരവും പൊടിപൊടിക്കുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലി എന്നിവരുടെ വിവിധ ഡിസൈനുകളില്‍ തയ്യാറാക്കിയ ഫ്ളക്സ് ബോര്‍ഡുകളാണ് മണ്ഡലത്തിന്‍റെ മുക്കും മൂലയും കിഴടക്കിയത്. ഫ്ളക്സ് ബോര്‍ഡുകള്‍ ആദ്യം എണ്ണത്തില്‍ കൂടുതലായി പി.എം സാദിഖലി മുമ്പിലത്തെിയപ്പോള്‍ ഇടത് പാളയത്തില്‍ വലിയ ആക്ഷേപവും പരിഹാസവുമാണ് ഉയര്‍ന്നത്. കുറേ ഫ്ളക്സ് ബോര്‍ഡുകള്‍ മാത്രമേയുള്ളു, അതാകട്ടെ ഇവന്‍റ് മാനേജ് മെന്‍റ് സ്ഥാപിക്കുന്നതാണെന്നുമായിരുന്നു എല്‍.ഡി.എഫിന്‍്റെ പരിഹാസം. എന്നാല്‍ സാദിഖലിയുടെ ഫ്ളക്സ് ബോര്‍ഡ് അരങ്ങുതകര്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഇടത് മുന്നണിയും ഫ്ളക് തന്നെ ആയുധമാക്കി മത്സരിക്കാന്‍ തുടങ്ങി. കടപ്പുറം മുനക്കക്കടവില്‍ 40 അടി നീളത്തിലാണ് കെ.വി അബ്ദുല്‍ ഖദറിനായുള്ള ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ ലോക്കല്‍ കമ്മിറ്റിയും ഒരു ബൂത്തില്‍ രണ്ട് ഫ്ളക്സ് ബോര്‍ഡെന്ന കണക്കിലാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. അബ്ദുല്‍ ഖാദര്‍ പാര്‍ട്ടി പത്രം വായിച്ചിരിക്കുന്നതും കടലിന്‍്റേയും നെല്‍വയലിന്‍്റേയും പശ്ചാത്തലത്തില്‍ നടന്നു വരുന്നതുമായ കൂറ്റന്‍ ഫ്ളക്സുകളാണ് നാടോട്ടുക്കും. ഇതോടെ യു.ഡി.എഫും മത്സരം കടുപ്പിച്ചു. പ്രചാരണത്തിനിടിയില്‍ വയോധികമാര്‍ സാദിഖലിയെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രം മുതല്‍ ഗജകേസരിക്കൊപ്പം നില്‍ക്കുന്ന പടങ്ങള്‍ വരെ ഫ്ളകിസില്‍ ഇടം പിടിപ്പിച്ചാണ് അവരുടെ തിരിച്ചടി. പ്രവാസി സംഘടനകളുടേയും പാര്‍ട്ടികളുടെ പോഷക സംഘടനകളുടേയും പേരിലാണ് ഫ്ളക്സു ബോര്‍ഡുകള്‍ അരങ്ങ് തകര്‍ക്കുന്നത്. കഴിഞ്ഞ ലോക കപ്പ് ഫുട്ബാള്‍ മത്സര കാലത്ത് കായിക പ്രേമികള്‍ മത്സരിച്ച് സ്ഥാപിച്ചതുപോലെയാണിപ്പോള്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോസ്റ്ററുകളില്‍ സ്ഥിരമായി കണ്ടിരുന്ന പരേതരായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, കെ കരുണാകര്‍, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ഇ.എം.എസ്, ഇ.കെ നായനാര്‍ എന്നിവര്‍ പോസ്റ്റ്റുകളിലും ഫ്ളക്സ് ബോര്‍ഡുകളിലും ഇത്തവണയില്ല. മിക്കവയിലും സ്ഥാനാര്‍ത്ഥികള്‍ തനിച്ചുള്ളത് മാത്രമാണെങ്കിലും ചിലതില്‍ സംസ്ഥാന നേതാക്കളുടെ പടങ്ങളുമുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിതയുടെ പടം വെച്ചുള്ള ഫ്ളക്സ് ബോര്‍ഡുകളുണ്ടെങ്കിലും വ്യാപകമല്ല. എല്‍.ഡി.എഫും, യു.ഡി.എഫും കഴിഞ്ഞാല്‍ ഫ്ളക്സ് ബോര്‍ഡ് കൂടുതലായി സ്ഥാപിച്ചിട്ടുള്ളത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ്.

Royal footwear

Comments are closed.