ചാവക്കാട്: പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് പള്ളിവിഞ്ഞാലില്‍ യൂനസി(31)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ.രമേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് തങ്ങള്‍പടിയില്‍ വെച്ച് സ്വകാര്യബസ്സിന്‍റെ പിറകില്‍ കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചിരുന്നു. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കും പറ്റിയിരുന്നു. കാറിന്‍റെ ഇന്‍ഷുറന്‍സ് ലഭിക്കുതിനായി പോലീസ് സ്‌റ്റേഷനില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റിനായി യൂനസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപകടത്തില്‍ പെട്ട വാഹനം കൊണ്ടുപോകുന്നതിനായി യൂനസ് തന്‍റെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ് സ്റ്റേഷനില്‍ നല്‍കി. വണ്ടിയുടെ ഉടമയെകുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു പറഞ്ഞത്. ചാവക്കാട് എസ്‌ഐക്ക് നല്‍കാനാണെന്നു പറഞ്ഞ് ഉടമയില്‍ നിന്നും 18,000 രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നതായി പറയുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ യൂനസ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന ആളാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നായിരുന്നുഅറസ്റ്റ്. പല പോലീസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ പ്രതി നടത്തിയതായി പോലീസ് പറഞ്ഞു.