പ്രത്യേക പോലീസ് സേനയുടെ നീക്കത്തിൽ അകലാട് ബീച്ചിലെ ചീട്ടുകളി സംഘം വലയിലായി

അകലാട് : അകലാട് ഒറ്റയിനി ബീച്ചിൽ ഷെഡ്ഡ് കെട്ടി ചീട്ട് കളിച്ചു വന്നിരുന്ന അഞ്ചു പേരെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. അകലാട് ബീച്ചിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് ഷെഡ് കെട്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചീട്ടുകളി പതിവാക്കിയ സംഘത്തെ കുറിച്ച് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലപ്പെട്ടി സ്വദേശി മുഹമ്മദാലി, മൂന്നയിനി സ്വദേശി അസീസ്, എടക്കഴിയൂർ സ്വദേശി അഫ്നാസ്, ചാവക്കാട് സ്വദേശി റിയാസ്, പെരുവല്ലൂർ സ്വദേശി രമേശ് എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത സംഘത്തെയും ഇവരിൽനിന്ന് പിടിച്ചെടുത്ത 3810 രൂപയും ടാർപോളിൻ ഷീറ്റ്, കാർ, ബൈക്കുകൾ എന്നിവ സഹിതം വടക്കേക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ യൂസഫിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം അഞ്ചു പേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Comments are closed.