ചാവക്കാട് : നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വഴി വിദേശത്തു നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് സ്വദേശികളായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (37), പൊന്തുവീട്ടിൽ ഹാബിൽ (22) എന്നിവരേയാണ് ചാലക്കുടി ഡി വൈ എസ് പി സി. ആർ സന്തോഷ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം.  ഇന്നോവ, ഹ്യുണ്ടായ് ഐ ടെന്‍ എന്നീ കാറുകളിലെത്തിയ കവര്‍ച്ചാ സംഘം പോട്ട ഫ്ലൈഓവറിനു സമീപം വച്ച്  സ്വർണ്ണവുമായി പോവുകയായിരുന്ന കാറിനെ മറികടന്ന് ഇടിച്ചു നിര്‍ത്തുകയും കാറും കാറിലുണ്ടായിരുന്ന യുവാവിനെയും തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്വർണ്ണം വച്ചിരിക്കുന്ന സ്ഥലം പറയാനാവശ്യപ്പെട്ട് യുവാവിനെ മൃഗീയമായി മർദ്ദിക്കുകയും തുടർന്ന് കൊടകരക്ക് സമീപം ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നു.

സ്വർണ്ണക്കടത്തിനെ പറ്റി സൂചനകിട്ടിയ കവർച്ചാസംഘം സ്വർണ്ണം തട്ടിയെടുക്കുവാൻ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവർച്ചാ, ഗുണ്ടാസംഘങ്ങളെ  ഏകോപിപ്പിക്കുകയുമായിരുന്നു.

നെടുമ്പാശ്ശേരിയിൽ നിന്നും കാറിനെ പിന്തുടർന്ന സംഘം കറുകുറ്റി, കൊരട്ടി ഭാഗങ്ങളിൽ വച്ച് സ്വര്‍ണ്ണവുമായി പോകുന്ന കാറിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പോട്ട മേൽ പാലത്തിൽ വച്ചാണ് കാറിടിപ്പിച്ച് കവര്‍ച്ച നടത്തിയത്.

യാതൊരു തെളിവുകളുമവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയായതിനാല്‍ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം കെ പുഷ്കരൻറ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി   സി ആർ സന്തോഷും ക്രൈം സ്ക്വാഡും തമിഴ്നാട്ടിലും കർണ്ണാടകത്തിലുമായി ഒരാഴ്ചയോളം ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിക്കാനായത്. അന്വേഷണവുമായി കൊടൈക്കനാലിൽ എത്തിയ സംഘത്തിന് മലയാളികളായ കുറച്ച് ചെറുപ്പക്കാർ അവിടെ കറങ്ങി നടന്നിരുന്നതായും അവർ ഹോട്ടലിലോ മറ്റോ താമസിക്കാതെയാണ് അവിടെ തങ്ങിയിരുന്നതെന്നും സൂചനലഭിക്കുകയും തുടർന്ന്‌ ഇവരെ പറ്റി പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ  ഇന്നോവ കാർ ഓടിച്ചിരുന്ന പാലയൂർ സ്വദേശിയായ ഹാബീലിനെ കുറിച്ച് ലഭിച്ച വിവരമാണ് തുമ്പായത്. തുടർന്ന് ചാവക്കാട് എത്തിയ അന്വേഷണ സംഘം ഹബീലിനെയും തുടര്‍ന്നു ഫവാദിനെയും പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സംഭവത്തെ കുറിച്ചും ഇതിൽ ഉൾപ്പെട്ടവരെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളിൽ മിക്കവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഫവാദ് മൂന്നു ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, കളവ്, കഞ്ചാവ് മൊത്ത വിൽപന, പിടിച്ചുപറി, ഭവനഭേദനം, പോലീസിനെതിരെയുള്ള ആക്രമണം ഉള്‍പ്പെടെ മുപ്പതോളം കേസുകളിലെ പ്രതിയാണ്.

എസ് ഐ ജയേഷ് ബാലൻ, ചാലക്കുടി ഡി വൈ എസ് പിയുടെ ക്രൈം സ്കാഡ് എസ്.ഐ വി എസ് വത്സ കുമാർ, സതീശൻ മടപ്പാട്ടിൽ, പി എം മൂസ, വി യു സിൽജോ, എ യു റെജി, ഷിജോ തോമസ് എന്നിവരും കുന്നംകുളം ക്രൈം സ്ക്വാഡ് അംഗം കെ കെ ആശിഷ്, ചാലക്കുടി സ്റ്റേഷനിലെ സീനിയർ സി.പി.ഒ ബൈജു പൊന്നോത്ത്, സി പി ഒ മാരായ രാജേഷ് ചന്ദ്രൻ, ആൻസൻ ജോസഫ്  എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.