ഗുരുവായൂര്‍ : ‘നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം; അതിരാവിലെ എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം” എന്ന് പത്മരാജന്റെ സിനിമയില്‍ പറയുന്ന സംഭാഷണം ശകലം മാറ്റിയെഴുതിയിരിക്കുകയാണ് ഗുരുവായൂരിലെ അധ്യാപക ദമ്പതികള്‍. ഇവര്‍ക്ക് മുന്തിരിപൂത്ത് തളിത്തത് കാണാന്‍ സ്വന്തം വീടിന്റെ മട്ടുപ്പാവിലേക്ക് കയറിയാല്‍ മതി. വേണമെങ്കില്‍ മുന്തിരി ടെറസിന് മുകളിലും കായ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അധ്യാപക ദമ്പതിമാരായ വിനോദും രോഷ്ണിയും. മുന്തിരി വള്ളികള്‍ തളിര്‍ത്ത് പൂവിട്ട് പഴങ്ങള്‍ തരുന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇവര്‍. തണുപ്പ് പ്രദേശങ്ങളില്‍ മാത്രം മുന്തിരി വിളഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുള്ളവര്‍ക്ക് ടെറസിന് മുകളില്‍ പൂത്തുലഞ്ഞ് കനിചൂടി നില്‍ക്കുന്ന മുന്തിരി തോപ്പ് കൗതുകമായിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പാണ് മറ്റു കൃഷികള്‍ക്കൊപ്പം വിനോദും രോഷ്‌നിയും താമരയൂരിലെ വീട്ടുവളപ്പില്‍ മുന്തിരിതൈ നട്ടത്. തൈ പന്തലിക്കാറായതോടെ ടെറസിന് മുകളിലേക്ക് പടര്‍ത്തി. പൂക്കോട് കൃഷി വകുപ്പിന്റെ സഹായത്തോടെ മഴമറ ഉപയോഗിച്ചായിരുന്നു മുന്തിരിയെ പരിപാലിച്ചത്. മഴയും വെയിലുമേല്‍ക്കാതെ രണ്ടു വര്‍ഷത്തോളം പരിപാലിച്ചു. ചാണകപ്പൊടി മാത്രമായിരുന്നു വളമായി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം പൂത്തെങ്കിലും വിരലിലെണ്ണാവുന്ന കുലകള്‍ മാത്രമാണുണ്ടായത്. ഇത്തവണ 80 ലധികം കുലകളാണ് വിളവെടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെയായി നല്‍കിയത്. ദിവസവും നിരവധി പേരാണ് ഇവരുടെ മുന്തിരിത്തോട്ടം കാണാനെത്തുന്നത്. ജൈവകൃഷിയില്‍ വിളഞ്ഞ മുന്തിരി നല്‍കുന്ന മധുരം മനസ്സിനും സന്തോഷം പകരുന്നതായി രോഷ്‌നി പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് ടെറസിന് മുകളില്‍ ജൈവകൃഷി തുടങ്ങിയത്. സിനിമയില്‍ പറയുന്നതുപോലെ മാതള നാരങ്ങയും ഇവരുടെ കൃഷിയിടത്തില്‍ വളരുന്നുണ്ട്. ഇതിന് പുറമെ മധുര നാരങ്ങ, മൂസംബി, കപ്പ, വാഴ എന്നിവയും വിളയുന്നുണ്ട്. വീട്ടിലാവശ്യമുള്ളതും സുഹൃത്തുക്കള്‍ക്ക് നല്‍കാനുമുള്ള ജൈവ പച്ചക്കറികള്‍ ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. രണ്ടു വര്‍ഷമായി വീട്ടാവശ്യത്തിനുള്ള പച്ചക്കറി പുറമെ നിന്ന് വാങ്ങാറേയില്ലെന്നും ഈ ദമ്പതിമാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പൂക്കോട് മേഖലയിലെ മികച്ച കര്‍ഷക അവാര്‍ഡ് രോഷ്‌നിക്കായിരുന്നു. കൃഷിയില്‍ സഹായത്തിന് ഭര്‍ത്താവ് മേഴ്‌സി കോളജിലെ പ്രിന്‍സിപ്പലായ സി.ടി. വിനോദിന്റെ പിന്തുണയാണ് തിനക്ക് പ്രചോദനമെന്നും രോഷ്ണി പറയുന്നു. ഈ കോളേജിലെ തന്നെ വൈസ് പ്രിന്‍സിപ്പലാണ് രോഷ്ണി. കൃഷിയില്‍ മാത്രം ഒതുക്കാവുന്നതല്ല ഇവരുടെ കുടുംബ കാര്യം. വീടിന് ചുറ്റും കിളികള്‍ക്ക് പാര്‍ക്കാനുള്ള സൗകര്യവും ഇവര്‍ ചെയ്ത് നല്‍കുന്നുണ്ട്. ദിവസവും വീട്ടുമുറ്റത്ത് പ്രത്യേകമായി തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രങ്ങളില്‍ കിളികള്‍ക്ക് തീറ്റയും വെള്ളവും കരുതി വെക്കും. തീറ്റക്കെത്തുന്ന ബുള്‍ബുള്‍ അടക്കം നിരവധി പക്ഷികളും മുന്തിരിതോപ്പില്‍ പാര്‍ക്കാനായി കൂടൊരുക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.