Header

സദസ്സ്യരില്‍ വിസ്മയമുളവാക്കി പച്ചയില പ്രകാശം പൊഴിച്ചുകൊണ്ടേയിരുന്നു

01-02-14ചാവക്കാട്‌: ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഔഷധ സസ്യ പഠന കേമ്പിലാണ് നിലവിളക്കിലെ തിരിയായി പച്ചയില ഉപയോഗിച്ച് ഉസ്താദ്‌ ഹംസ മടിക്കൈ സദസ്സിനെ അത്ഭുതപ്പെടുത്തിയത്‌. ഡോക്ടര്‍മാരും അധ്യാപകരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വ്യാപാര പ്രമുഖരും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട പ്രൌഡമായ സദസ്സിനെ അത്ഭുതപ്പെടുത്തി പച്ചയില മണിക്കൂറുകളോളം പ്രകാശം പൊഴിച്ചുകൊണ്ടേയിരുന്നു. ജ്യോതി വൃക്ഷം എന്നറിയപ്പെടുന്ന ചെടിയുടെ അത്ഭുത ശക്തിയുള്ള ഇലയാണ് വൈദ്യര്‍ സദസ്സിനു പരിചയപ്പെടുത്തിയത്. നിലവിളിക്കിലെ വെളിച്ചെണ്ണയില്‍ മുക്കിവെച്ച തിരിപോലെ ചുരുട്ടിയ പച്ചയിലക്ക് എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ അഗ്നി പകര്‍ന്നു. എണ്ണ വറ്റാതെ എരിഞ്ഞുതീരാതെ പച്ചയില ക്ലാസ്‌ അവസാനിക്കും വരെ മണിക്കൂറുകളോളം കത്തിക്കൊണ്ടേയിരുന്നു.
പണ്ടുകാലങ്ങളില്‍ വീടുകളില്‍ നിലവിളക്കുകള്‍ പ്രകാശം പരത്തിയിരുന്നത് ഈ ഇലകള്‍ ഉപയോഗിച്ചായിരുന്നു. ഇലച്ചുരുട്ടി തിരിപോലെയാക്കി വിളക്കിലിട്ടാണ് കത്തിക്കുക. എണ്ണയും ഒഴിച്ചുകൊടുക്കണം. കത്തിതുടങ്ങാന്‍ മാത്രമാണ് എണ്ണ ആവശ്യമുള്ളൂ പിന്നീട് എത്രനേരം വേണമെങ്കിലും ഇല സുഗന്ധം പൊഴിച്ച് കത്തികൊണ്ടിരിക്കും എണ്ണ പഴയത് പോലെതന്നെ വിളക്കില്‍ അവശേഷിക്കും. ഇതില്‍ നിന്നുള്ള പുക ഔഷധഗുണമുള്ളതാണെന്ന് സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.
മലബാറിലെ പാരമ്പര്യ വൈദ്യന്മാരില്‍ അറിയപ്പെടുന്ന ചികിത്സകനാണ് കാസര്‍ക്കോട് ജില്ലയിലെ മടിക്കൈ സ്വദേശി ഹംസ വൈദ്യര്‍. സൂഫി ചികിത്സാ കുടുംബത്തിലെ ഒന്‍പതാം തലമുറക്കാരനാണ് ഇദ്ദേഹം. 1424 തരം ഔഷധ ച്ചെടികള്‍ ഇദ്ദേഹം നട്ടു പരിപാലിക്കുന്നുണ്ട്. ഇതില്‍ എണ്ണൂറോളം അപൂര്‍വ്വ ഔഷധ സസ്യങ്ങളും ഉള്‍പ്പെടും.
ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ള സ്വര്‍ണ്ണപ്പുല്ല് സേവിച്ചാല്‍ ശരീരത്തില്‍ ഒരിക്കലും ചുളിവ് വീഴുകയോ മുടി നരക്കുകയോ ചെയ്യില്ലെന്ന് ഇദ്ദേഹം പറയുന്നു. കൂടാതെ പാമ്പിനെ അകറ്റുന്ന കീരിക്കിഴങ്ങ്, യാഗങ്ങളില്‍ ഉപയോഗിക്കുന്ന സോമലത, ജലസ്തംഭിനി, പണ്ട് കാലങ്ങളില്‍ സന്യാസിമാര്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്ന പശിയടക്കി, പുത്രന്‍ജീവ, ചന്ദന വേപ്പ്‌, വിശല്യകരണി, വാതംപറത്തി, വള്ളിപ്പാല, കയപ്പനരച്ചി, കുടജാദ്രി തുടങ്ങിയ നിരവധി അമൂല്യ സ്യങ്ങള്‍ ഇദ്ദേഹത്തിന്റെ ഔഷധോദ്യാനത്തിലുണ്ട്. ഇതില്‍ പന്ത്രണ്ടോളം സസ്യങ്ങള്‍ ഇദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.
ഓരോ രോഗികള്‍ക്കും ആവശ്യമായ ഔഷധം അവരുടെ ചുറ്റുവടത്ത് തന്നെ ലഭ്യമാണെന്ന് സോദാഹരണം ഇദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. പ്രകൃതിയോടിണങ്ങി ജീവിച്ചാല്‍ മാരക രോഗങ്ങളെ അകറ്റി നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.
ഹംസ വൈദ്യര്‍ ഇതുവരെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പാരമ്പര്യ നാട്ടുവൈദ്യം ലളിതശാസ്ത്രം’ എന്ന പുസ്തകം സാധാരണക്കാര്‍ക്ക്‌ അവരുടെ പരിസരത്തുള്ള ഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിക്കും. പുതു തലമുറക്ക്‌ പാരമ്പര്യ വൈദ്യ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ വടകരയില്‍ ‘ഔഷധ സസ്യ പഠന ബാല സഭ’ എന്ന സ്ഥാപനം നടത്തുന്നുണ്ട്. സൌജന്യമാണ് ഇവിടത്തെ പഠനം.ആവശ്യക്കാര്‍ക്ക്‌ സൌജന്യമായി ഔഷധ ചെടികള്‍ നല്‍കുന്ന ഇദ്ദേഹം ഇതുവരെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്ക് സസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താത്പര്യമനുസരിച്ച് അദ്ദേഹം നേരിട്ടെത്തി സൌജന്യമായി ഔഷധക്കാവുകള്‍ ഒരുക്കിക്കൊടുക്കും. പള്ളിക്കാടുകളില്‍ ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.

thahani steels

Comments are closed.