ഗുരുവായൂര്‍: നവീകരിച്ച ഗുരുവായൂര്‍-ആല്‍ത്തറ-പൊന്നാനി റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ ചെലവിട്ടാണ് മമ്മിയൂര്‍ മുതല്‍ വന്നേരി വരെയുള്ള 13 കിലോമീറ്റര്‍ ഭാഗം നവീകരിച്ചിട്ടുള്ളത്. പൊന്നാനിയില്‍ നിന്ന് ഗുരുവായൂരിലേക്ക് എളുപ്പമാര്‍ഗമായ ഈ സംസ്ഥാന പാത തകര്‍ന്നു കിടക്കുകയായിരുന്നു. താമരയൂര്‍ മെട്രോലിങ്ക്‌സ് ക്ലബ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ.അക്ബറും മുഖ്യാതിഥികളാകും. അഞ്ച് കോടി രൂപ ചെലവില്‍ ഗുരുവായൂരിലെ ഔട്ടര്‍ റിങ് റോഡിന്റെ നിര്‍മാണവും നടന്നു വരികയാണെന്ന് എം.എല്‍.എ പറഞ്ഞു.