ഗുരുവായൂർ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നു വരെ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ച് നഗരസഭ സംഘടിപ്പിച്ച് വരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നു വരെ നടക്കുമെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ആറിന് ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ ആരംഭിക്കുന്ന പുഷ്പോത്സവം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നിശാഗന്ധി സർഗോത്സവം പ്രശസ്ത കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ എന്നിവർ പങ്കെടുക്കും. . പുഷ്പ ഫലസസ്യപ്രദർശനം, ലഘു ഭക്ഷണശാലകൾ, ഗസൽ നൈറ്റ്, നാടകം, നാടൻ പാട്ടുകൾ, കോമഡി ഷോ, ഡാൻസ് ഫെസ്റ്റ്, മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും. കൂടാതെ ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ നഗരസഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ കുടുംബശ്രീയുടെ’ ഇഞ്ചീം പുളീം ‘ ഭക്ഷ്യ മേളയും ഉണ്ടാകും. വൈസ് ചെയർപേഴ്സൺ അനീഷ് മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ സായിനാഥൻ, എ എസ് മനോജ്, എ എം ഷെഫീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.