mehandi new

നിറയോ..നിറ.. ഇല്ലംനിറ.. വല്ലംനിറ..വട്ടിനിറ.. കൊട്ടനിറ..പത്തായംനിറ …

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ഗുരുവായൂര്‍ : പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍നെല്‍ക്കതിരുകള്‍ക്ക് മഹാവിഷ്ണുവിന്റെ സാമിപ്യമുള്ള ലക്ഷ്മീനാരായണപൂജ നടത്തി ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 7.50-നും, 8.50 ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഭക്തഹൃദയങ്ങളില്‍ സമൃദ്ധിയുടെ അറകള്‍ നിറച്ച ഇല്ലംനിറ ചടങ്ങ്. നിറയ്ക്കാവശ്യമായ അഞ്ഞൂറോളം നെല്‍ക്കതിര്‍ക്കറ്റകള്‍ പഴുന്നാന സ്വദേശി ആലാട്ട് വേലപ്പന്‍ ശനിയാഴ്ച ഉച്ചയോടെ കിഴക്കെനടയിലെ കല്യാണമണ്ഡപത്തിനുസമീപം എത്തിച്ചിരുന്നു. അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യന്മാര്‍ രാവിലെ ക്ഷേത്രം ഗോപുരത്തിന് മുന്‍വശം കഴുകി ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വെച്ചു. തുടര്‍ന്ന് മനയം, അഴീക്കല്‍ എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും, ദീപസ്തംഭവും മൂന്നുതവണ വലംവെച്ച ശേഷം സമര്‍പ്പിച്ചു. തുടര്‍ന്ന് കീഴ്ശാന്തി പൂജാമണി കിലുക്കി കതിര്‍ക്കറ്റകളില്‍ തീര്‍ത്ഥം  തെളിച്ച് ശുദ്ധിവരുത്തി. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയ്യൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് ഉരുളി തലയിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങി. തിങ്ങിനിറഞ്ഞ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമജപവും നിറയോ… നിറ… ഇല്ലംനിറ… വല്ലംനിറ… വട്ടിനിറ…. കൊട്ടനിറ… പത്തായംനിറ … നിറയോ… നിറ… എന്ന നിറവിളിയും ശംഖുനാദവും ചെണ്ടയുടെ വലംതല മേളവും കൊണ്ട് ദേവസന്നിധി ഭക്തിസാന്ദ്രമാക്കി. ഗുരുവായൂരപ്പന് മുന്നിലെ നമസ്‌കാരമണ്ഡപത്തില്‍ സമര്‍പ്പിച്ച കതിര്‍ക്കറ്റകള്‍ക്ക് ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകള്‍ വെച്ച് പൊന്‍നിറമുള്ള നെല്‍ക്കതിരുകള്‍ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്‍പിച്ച് ക്ഷേത്രംമേല്‍ശാന്തി പള്ളിശീരി ഹരീഷ് നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി. പൂജകള്‍ക്ക് ശേഷം ചൈതന്യവത്തായ കതിരുകളില്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ചടങ്ങ് സമാപിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. നിറകതിര്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഭവനങ്ങളില്‍ നിലവിളക്ക് വെച്ച് സ്വീകരിച്ചാണ് കതിരുകള്‍ വരവേല്‍ക്കുന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, കെ. സുധാകരന്‍, അഡ്വ. സുരേശന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഹരിതാ വി. കുമാര്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. നാരായണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.സി. അരവിന്ദന്‍, ക്ഷേത്രം മാനേജര്‍മാരായ ആര്‍. പരമേശ്വരന്‍, കെ. ഗോവിന്ദന്‍കുട്ടി, ടി.വി. കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമീപ ക്ഷേത്രങ്ങളായ തിരുവെങ്കിടം ക്ഷേത്രം, പെരുന്തട്ട ശിവക്ഷേത്രം, നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം, താമരയൂര്‍ ക്ഷേത്രം, പേരകം ശിവക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നലെ ഇല്ലം നിറ ആഘോഷിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറക്കു ശേഷമുള്ള തൃപ്പുത്തരി ചടങ്ങ് ബുധനാഴ്ച നടക്കും. രാവിലെ 9.11 നും 10.31നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതിലാണ് ചടങ്ങ്. കൊയ്‌തെടുത്ത പുതുനെല്ലിന്റെ അരികൊണ്ട് പായസവും നിവേദ്യവും തയ്യാറാക്കി നിവേദിക്കുന്ന ചടങ്ങാണ് തൃപ്പുത്തരി. ഉച്ചപൂജയ്ക്കാണ് പുത്തരിപായസം നിവേദിക്കുക. പുത്തരിപ്പായസത്തിനുള്ള രശീതികള്‍ വിതരണം ചെയ്യുന്നതിനായുള്ള പ്രത്യേക കൗണ്ടര്‍ നാളെ വൈകുന്നേരം 5 മണി മുതല്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കും. 45 രൂപയാണ് പുത്തരിപായസത്തിന്റെ നിരക്ക്. ഒരാള്‍ക്ക് പരമാവധി രണ്ട് രശീതി മാത്രമെ നല്‍കു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/guruvayur-ellam-nira-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.