ഗുരുവായൂര്‍: തീര്‍ഥാടന നഗരങ്ങള്‍ക്കുള്ള കേന്ദ്ര ടൂറിസം വികസന പദ്ധതിയായ ‘പ്രസാദ്’
പദ്ധതിയില്‍ ഗുരുവായൂരിന് ആദ്യഘട്ടമായി 102 കോടി രൂപയുടെ പദ്ധതികള്‍ അനുവദിക്കും. നഗരസഭക്ക് 56 കോടിയുടെയും ദേവസ്വത്തിന് 56 കോടിയുടെയും പദ്ധതികളാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നഗരസഭയുടെയും ദേവസ്വത്തിന്റെയും പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിലവിലെ ബസ് സ്റ്റാന്‍ഡുള്ള സ്ഥലത്ത് ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡ് അടക്കം പില്‍ഗ്രിം പ്ലാസ, അമ്പാടി ബില്‍ഡിങിന്റെ സ്ഥാനത്ത് ഹെറിറ്റേജ് മാള്‍, ഇന്നര്‍ റിങ് റോഡില്‍ ബാറ്ററി കാര്‍ എന്നിവയാണ് നഗരസഭയുടെ മുന്‍ഗണന പട്ടികയിലുള്ളത്. ദേവസ്വം ഇതുവരെ പദ്ധതികളൊന്നും സമര്‍പ്പിച്ചിട്ടില്ല. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.