ഗുരുവായൂര്‍: ക്ഷേത്രനഗരിയില്‍ ഇന്നലെ വിവാഹങ്ങളുടെ തിരക്ക്. 116 വിവാഹമാണ് ക്ഷേത്രസന്നിധിയില്‍ നടന്നത്. ആയിരത്തോളം കുരുന്നുകള്‍ക്ക് ചോറൂണും നല്‍കി. മിഥുനത്തില്‍ കൂടുതല്‍ മുഹൂര്‍ത്തമുള്ള ദിവസമായതാണ് തിരക്കിന് കാരണം. ദര്‍ശനത്തിനും പതിവില്‍ കവിഞ്ഞുള്ള തിരക്കനുഭവപ്പെട്ടു. ദേവസ്വം ജീവനക്കാര്‍ക്കു പുറമെ കൂടുതല്‍ പോലീസും തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്നു. രാവിലെ 9 നും 11നും ഇടയിലുള്ള മുഹൂര്‍ത്തിലിലാണ് കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. മൂന്ന് മണ്ഡപങ്ങളിലും ഒരേ സമയം കെട്ട് നടന്നെങ്കിലും വധുവരന്മാര്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. ലോഡ്ജുകളെല്ലാം നിറഞ്ഞ് കവിഞ്ഞിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് വിവാഹ പാര്‍ട്ടിക്കാരുടെ വാഹനങ്ങള്‍ പലതും റോഡരികിലാണ് നിറുത്തിയിട്ടത്. ഇത് മൂലം ഉച്ചവരെ ക്ഷേത്രനഗരിയില്‍ ഗതാഗത കുരുക്കും രൂക്ഷമായിരുന്നു.