Header

നെന്മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘര്‍ഷത്തില്‍ കലാശിച്ചു

ഗുരുവായൂര്‍: നെന്മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘര്‍ഷത്തില്‍ കലാശിച്ചു. വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ച നടത്താതെ ഉദ്ഘാടനം നിശ്ചയിച്ചുവെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഞായറാഴ്ച രാവിലെ 10ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വാര്‍ഡ് കൗണ്‍സിലറുമായി ആലോചിക്കാതെ ഉദ്ഘാടനം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫും പ്രഖ്യാപിച്ചു. മിച്ചഭൂമി കോളനിയിലെ അങ്കണവാടി വളപ്പിലാണ് പദ്ധതിയുടെ ടാങ്ക് ഉള്ളത്. രാവിലെ ഒമ്പതിന് യു.ഡി.എഫ് കൗണ്‍സിലര്‍മാരും നേതാക്കളും ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ അവരെ പൊലീസ് തടഞ്ഞു. എന്നാല്‍ വനിതാ പോലീസില്ലാതെ വനിത കൗണ്‍സിലര്‍മാരെ അങ്കണവാടിയുടെ ഗേറ്റില്‍ പൊലീസ് തള്ളി മാറ്റാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. വാര്‍ഡ് കൗണ്‍സിലറും ഉദ്ഘാടകയും വനിതയായിട്ടും വനിതാ പൊലീസില്ലാതെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇതോടെ കുടുങ്ങി. ഉദ്ഘാടകയും വാര്‍ഡ് കൗണ്‍സിലറും അകത്തു കടക്കുകയും ചെയ്തു. ഇതിനിടെ പ്രദേശത്തെ എല്‍.ഡി.എഫ് നേതാക്കള്‍ സമാന്തര ഉദ്ഘാടനത്തിനെതിരെ രംഗത്തു വന്നതോടെ സംഘര്‍ഷാവസ്ഥയായി. പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. ഇതിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. അര മണിക്കൂര്‍ കഴിഞ്ഞതോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഒരു കുടം വെള്ളം നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിക്ക് ടാപ്പില്‍ നിന്നും എടുത്ത് നല്‍കിയായിരുന്നു ഉദ്ഘാടനം.
ഉപാധ്യക്ഷന്‍ കെ.പി.വിനോദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍, മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, കൗണ്‍സിലര്‍മാരായ ടി.എസ്.ഷെനില്‍, ഷാഹിന സുബൈര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷേധിച്ചു

ഗുരുവായൂര്‍ : കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നെന്മിനി മിച്ചഭൂമി കോളനിയില്‍ പോലീസിനെ ഉപയോഗിച്ച് ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച നടപടിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ.റഷീദ്, പി.കെ.രാജേഷ് ബാബു, പോളി ഫ്രാന്‍സിസ്, പി.ഡി.സുരേഷ്,സിദ്ധി കര്‍ണ്ണംകോട്ട്, പ്രതീഷ് ഓടാട്ട്, സി.എസ് സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.

നഗരസഭ ഭരിക്കുന്നത് ഹിറ്റ്‌ലറെ പോലും കവച്ചുവെക്കുന്ന ഏകാധിപതി

ഗുരുവായൂര്‍ : നഗരസഭ ഭരിക്കുന്നത് ഹിറ്റ്‌ലറെ പോലും കവച്ചുവെക്കുന്ന ഏകാധിപതിയാണെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ആരോപിച്ചു. നഗരസഭ കൗണ്‍സിലിനെ പോലും നോക്കു കുത്തിയാക്കി തന്നിഷ്ടം നടത്തുന്ന ചെയര്‍മാനാണ് നഗരസഭക്കുള്ളത്. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അംഗങ്ങളെ അറിയിക്കുന്നില്ലെന്നും ജനാധിപത്യത്തെ വെല്ലുവിളിച്ച് നടത്തുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും അടിയന്തിര യോഗം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. റഷീദ് കുന്നിക്കല്‍, അനില്‍കുമാര്‍ ചിറക്കല്‍, ജോയ് ചെറിയാന്‍, വര്‍ഗീസ് ചീരന്‍, പി.കെ.ബഷീര്‍, എ.ടിഹംസ, ഷൈലജ ദേവന്‍, പ്രിയ രാജന്‍ എന്നിവര്‍ സംസാരിച്ചു.

സ്ത്രീ കൌണ്‍സിലര്‍മാരെ തടയുന്ന ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പുരുഷ പോലീസ്
സ്ത്രീ കൌണ്‍സിലര്‍മാരെ തടയുന്ന ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പുരുഷ പോലീസ്
thahani steels

Comments are closed.