ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ നിയമം ലംഘിച്ച് ബഹുനില കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയിലെ 19ാം വാര്‍ഡില്‍ കാരക്കാട് പഴയ സ്‌ക്കൂളിന് സമീപത്ത് നിര്‍മ്മാണം നടന്നുവരുന്ന ‘സപ്തവര്‍ണ്ണ’ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനെതിരെ നാട്ടുക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. തൃശ്ശൂര്‍ വിജിലന്‍സ് സി.ഐ ജിംപോള്‍, എസ് ഐ കിഷോര്‍ ബാബു, സീനിയര്‍ സി.പി.ഒ കെ.കെ.സുരേഷ്ബാബു, സിപിഒമാരായ എം.അരുണ്‍കുമാര്‍, വിപിന്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ച പ്ലാന്‍ കണ്ടെത്താനായില്ല. ഫയല്‍ കാണാനില്ലായെന്ന സ്ഥിരം മറുപടിയാണ് നഗരസഭ മരാമത്ത് വകുപ്പ് അധികൃതര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചത്. കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും വിജിലന്‍സ് സംഘം പരിശോധന നടത്തി. ഇവിടേക്ക് നഗരസഭ മരാമത്ത് വകുപ്പ് അസി.എഞ്ചിനീയറോട് വരാന്‍ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടെങ്കിലും പൂക്കോട് സോണല്‍ ഓഫീസിലെ ഓവര്‍സിയറെ അയക്കുകമാത്രമാണ് നഗരസഭ അധികൃതര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ 10ന് തൃശ്ശൂര്‍ വിജിലന്‍സ് ഓഫീസില്‍ പ്ലാന്‍ ഉള്‍പ്പെടുന്ന ഫയലുകളുമായി അസി.എഞ്ചിനീയറോട് ഹാജരാകാന്‍ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ നിയമം ലംഘിച്ച് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചിരുന്നത്. ആവശ്യമായ ദൂരപരിധി പാലിക്കാതെയായിരുന്നു നിര്‍മ്മാണം. കെട്ടിടത്തിന്റെ വശങ്ങളിലും ആവശ്യമായ ദൂരപരിധി പാലിച്ചിട്ടില്ലെന്ന് വിജിലന്‍സ് സംഘം പരിശോധനയില്‍ കണ്ടെത്തി. നാട്ടുക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.