വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി – എന്താണ് ബെയ്ലി പാലം
വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്. ഏകശേഷം 24 മണിക്കൂറുകൾ കൊണ്ടാണ് 190 അടി നീളമുള്ള പാലമാണ് ദുരന്ത ഭൂമിയിൽ നിർമ്മിച്ചത്. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്.
എന്താണ് ബെയ്ലി പാലം
വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‍ലി പാലം . ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്. മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി ബെയ്‍ലിപാലം നിർമ്മിച്ചത് സിവിലിയൻ ആവശ്യങ്ങൾക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിർമ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. 1996 നവംബർ എട്ടിനായിരുന്നു റാന്നിയിൽ സൈന്യം ബെയ്‍ലി പാലം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്.
ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിത് നിർമ്മിച്ചത്. അതിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയായിരുന്നു ഇത് സ്ഥാപിച്ചത്.
എന്തുകൊണ്ട് ആ പേര് ?
1942ൽ രണ്ടാം ലോകമഹായു ദ്ധസമയത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യത്തിനായി ഈ പാലം നിർമ്മിച്ചത്. ഒരു ഹോബിപോലെയാണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതി നൽകുകയുമായിരുന്നു. മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്തു. പല തരത്തിൽ പാലം നിർമ്മിച്ചുനോക്കി. താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യമായി ഈ പാലം നിർമ്മിച്ചത്.
ഇന്നും അവിടെ ഒരു പ്രവർത്തനക്ഷമമായ പാലമായി ഇത് പ്രവർത്തിച്ചുവരുന്നുണ്ട്. അങ്ങനെ അനേകം പരീക്ഷണ നിർമ്മാണങ്ങള്‍ക്കും ഉപയോഗത്തിനും ശേഷം ഇത്, കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ്സിനായി നൽകി. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ഉപയോഗിച്ചു. 1944 ആയപ്പൊഴേക്കും ഇതു കൂടുതൽ നിർമ്മിച്ച് തുടങ്ങി. ഇതിൻ്റെ നിർമ്മാണത്തിനായി യുഎസ് അനുമതി നൽകി. അവർ അവരുടേതായ രൂപകല്പനയാണ് പാലം നിര്‍മ്മിക്കുന്നതിനായി പിന്തുടർന്നിരുന്നത്.
പാലത്തിന്‍റെ പ്രത്യേകതകള്‍
ബെയ്‌ലി പാലത്തിന് പല ഗുണങ്ങളാണുള്ളത്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമുണ്ടാകുന്നില്ല.ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാനാകും. ക്രെയിനിന്‍റെ ആവശ്യം വരുന്നില്ല. ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകും. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെയധികം കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇവ ഉപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെറുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.
Comments are closed.