പുന്നയൂർ ബഡ്ജറ്റിൽ റിയൽഎസ്റ്റേറ്റ് ലോബിയുടെ താത്പര്യങ്ങൾ – യുഡിഎഫ്
പുന്നയൂർ: പഞ്ചായത്തിലെ ജനങ്ങൾക്ക് നിരാശ നൽകുന്ന ബഡ്ജറ്റ് ആണ് പുന്നയൂർ പഞ്ചായത്തിൽ അവതരിപ്പിച്ചതെന്ന് യൂ.ഡി.എഫ് അംഗങ്ങളായ എം.വി ഹൈദരലി, സി അഷ്‌റഫ്, അസീസ് മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജെസ്ന ഷെജീർ, ഷെരീഫ കബീർ, ബിൻസി റഫീഖ് എന്നിവർ പറഞ്ഞു.
നാല്പത്തഞ്ച് വർഷമായുള്ള പഞ്ചായത്ത് ശ്മശാനം നവീകരണത്തിനും ഗ്യാസ് ക്രിമിറ്റോറിയത്തിനും കഴിഞ്ഞ ഭരണസമിതി ഫണ്ട് അനുവദിച്ചു പ്രവൃത്തി തുടങ്ങാൻ ശ്രമിച്ചപ്പോൾ അതിനെ തടയാൻ ശ്രമിച്ചതിന്റെ കാരണം റിയൽ എസ്റ്റേറ്റ് ലോബിയുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നുള്ളത് ബഡ്ജറ്റിലൂടെ ബോധ്യമായി. പുതിയ ശ്മശാനത്തിനെന്ന് പറഞ്ഞ് ഫണ്ട് വകയിരുത്തിയതിലൂടെ ഇതാണ് വെളിവാകുന്നത്. നിലവിലുള്ള ശ്മശാനം ഉപയോഗപ്പെടുത്തുന്നതിന് പകരം പുതിയതിന് തുക വകയിരുത്തുന്നത് അനാവശ്യ ചെലവാണ് ഉണ്ടാക്കുന്നത്.
പഞ്ചായത്തിലെ ജനങ്ങളുടെ എറ്റവും വലിയ പ്രശ്നമായ കുടിവെള്ളത്തിന് അനുവദിച്ചിട്ടുള്ള തുക പര്യാപ്തമല്ല. മത്സ്യതൊഴിലാളികൾ ഏറെയുള്ള പഞ്ചായത്തിൽ അവരുടെ പ്രശ്ന പരിഹാരത്തിനാവശ്യമായ തുക വകയിരുത്തിയിട്ടില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രൈമറി, പ്രീ പ്രൈമറി മേഖലക്ക് ഉൾപ്പെടുത്തിയിട്ടുള്ളത് നാമമാത്ര തുകയാണ്. പഞ്ചായത്ത് ഓഫീസിന് സ്ഥലമെടുപ്പിനായി മുൻ ഭരണ സമിതി വകയിരുത്തിയിട്ടുള്ള തുകയിൽ ചെറിയ വർദ്ധന മാത്രമാണ് ബഡ്ജറ്റിൽ ഉള്ളത്. ടൂറിസം മേഖലക്കും അർഹിക്കുന്ന പ്രാധാന്യം നല്കിയിട്ടില്ല.
പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കാർഷിക മേഖലക്ക് ഏറ്റവും വലിയ ഭീഷണിയായ വളയംതോടിലെ ഉപ്പുവെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാൻ ഒരു രൂപ പോലും വകയിരുത്തിയില്ല.
വേണ്ടത്ര ഗൃഹപാഠം ഇല്ലാതെ തയ്യാറാക്കിയ ബഡ്ജറ്റ് ജനങ്ങൾക്ക് നിരാശ മാത്രം നല്കുന്നതാണെന്ന് അംഗങ്ങൾ പറഞ്ഞു.
Comments are closed.