ja

ചാവക്കാട് : സംഘ് പരിവാറിന്‍റെയും ഇസ്രയേലിന്‍റെയും ജനിതക പാരമ്പര്യം ഒന്നാണെന്ന് ജമാഅത്തെ ഇസ്‌ലാമി തെലങ്കാനാ അമീര്‍ ഹാമിദ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇസ്‌ലാമിന്‍റെവെളിച്ചം കെടുത്താമന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും സാധ്യമല്ല എന്നവര്‍ മനസിലാക്കണം. ഇസ്‌ലാമിന്‍റെത് എന്നും മധ്യമ നിലപാടാണ്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കുന്നത് രാജ്യത്തെ തകര്‍ക്കും. ഹൈദറാബാദ്, ജെ . എന്‍. യു തുടങ്ങിയ കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ അക്രമം നടത്തി ഉന്നത കലാലയങ്ങളെ ഭയം കൊണ്ട് പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദു മതത്തിന്‍റെ വിശ്വാസങ്ങളെന്ന പേരില്‍ പലതും ഉയര്‍ത്തിക്കൊണ്ടു വന്ന് ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണവര്‍. പശുവിന്റെ പേരില്‍ നടന്ന കൊലകളും പ്രചാരണങ്ങളും ഇന്ത്യയുടെ മഹിതമായ സംസ്‌കാരത്തെ തകര്‍ക്കുന്നതോടൊപ്പം അത് ലോകത്തിനു മുന്നില്‍ രാജ്യത്തെ പരിഹാസ്യമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് നടന്ന ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദേഹം.
ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അമീര്‍ എം. ഐ . അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
മുന്‍ അസി. അമീര്‍ പ്രൊഫ: കെ. എ. സിദ്ദീഖ് ഹസന്‍ വിശിഷ്ടാതിഥിയായിരുന്നു. എഫ്. ഡി. സി. എ. കേരളാ ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് പി. കെ. ശംസുദ്ദീന്‍ മുഖ്യാതിഥിയായി. ഇസ്‌ലാം സന്തുലിതമാണ് എന്ന വിഷയത്തിലുള്ള സമ്മേളന പ്രമേയ വിശദീകരണം സംസ്ഥാന അസി. അമീര്‍ വി. ടി. അബ്ദുല്ലക്കോയ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബു റഹ്മാന്‍, വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ്യ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍, എസ്.ഐ.ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജി. ഐ. ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, എന്നിവര്‍ സംസാരിച്ചു.
സംവിധായകന്‍ പി.ടി. കുഞ്ഞു മുഹമ്മദ്, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ: എം.എസ്. ജയപ്രകാശ് എന്നിവരുടെ ആശംസകള്‍ സമ്മേളനത്തില്‍ സംപ്രേഷണം ചെയ്തു.
സമാധാന ജീവിതത്തിന് വിഘാതമായ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ നേരിടുന്ന അക്രമങ്ങളും മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളും അവസാനിപ്പിക്കണമെന്ന് ജി.ഐ.ഒ. ജില്ലാ പ്രസിഡണ്ട് മുഹാനാ ഹാഷിമും വിവിധ കാമ്പസുകളില്‍ അപമൃത്യുവിനിരയാക്കപ്പെട്ട ജിഷ്ണു പ്രണോയ്, രോഹിത് വെമുല എന്നിവരുടെ ഘാതകര്‍ക്കും നജീബ് അഹമ്മദിന്‍റെ തിരോധാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അര്‍ഹമായ ശിക്ഷ ഉറപ്പു വരുത്തണമെന്ന് എസ്.ഐ.ഒ. ജില്ലാ പ്രസിഡണ്ട് അഫീബ് ബിന്‍ അലിയും മുത്വലാഖിന്‍റെ പേരില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നിക്കം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ജമാഅത്തെ ഇസ്‌ലാമി വനിതാ ജില്ലാ പ്രസിഡണ്ട് നസീമാ വാളൂരും അവതരിപ്പിച്ച പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു.
ശൈഖ് മുഹമ്മദ് കാരകുന്ന്  എഴുതിയ ഖുര്‍ആനിലെ സ്ത്രീ എന്ന പുസ്തകം ഹാമിദ് മുഹമ്മദ് ഖാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. മര്‍യം കോറോത്ത്, സിനാന്‍ നസീര്‍, മുനീര്‍ കാളമുറി എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍, തംഹീദുല്‍ മര്‍അ പഠന വേദി, മജ്‌ലിസ് ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷ എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എം. എ ആദം സ്വാഗതം ആശംസിച്ചു. ജില്ലാ സമിതിയംഗം അനസ് നദ്‌വി ഖിറാഅത്ത് നടത്തി. ടി. എ. മുഹമ്മദ് മൗലവി മാള പ്രാര്‍ഥന നിര്‍വഹിച്ചു. നിസ്കാരത്തിന് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്‍കി. സമ്മേളന ജനറല്‍ കവീനര്‍ കെ. ഷംസുദ്ദീന്‍ നന്ദി പറഞ്ഞു.