ചാവക്കാട് : നാടും നാട്ടുകാരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ചാവക്കാട് ജനമൈത്രി പോലീസ്. തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ പോലീസും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ നിരവധി നിര്‍ദേശങ്ങളാണ് ഇതിനായി ഉയര്‍ന്നുവന്നത്.
ജനപ്രതിനിധികളും നഗരസഭ അധികൃതരും പോലീസും ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പോലീസ് ഇത് അംഗീകരിക്കുകയും ചെയ്തു. മാലിന്യമാണ് മറ്റൊരു പ്രധാന പ്രശ്‌നമായി ഉയര്‍ന്നത്. കനോലി കനാലും പാടശേഖരങ്ങളും മറ്റു തണ്ണീര്‍ത്തടങ്ങളുമെല്ലാം മാലിന്യം തള്ളാനുള്ള ഇടമായി മാറുകയാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് തിരക്കേറിയ കവലകളിലും മറ്റും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഇക്കാര്യത്തില്‍ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം, മുല്ലത്തറ, വഞ്ചിക്കടവ് എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. നഗരസഭയില്‍ പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനനടത്തി പിടിച്ചെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തണ്ണീര്‍ത്തടങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കക്കൂസ് മാലിന്യം തട്ടുന്നവരെ പിടികൂടണമെന്നതാണ് മറ്റൊരു ആവശ്യം. സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായ ചില സ്ഥലങ്ങളില്‍ പോലീസ് പതിവായി പട്രോളിങ് നടത്തണമെന്ന ആവശ്യവും ജനപ്രതിനിധികള്‍ ഉന്നയിച്ചു.
ചാവക്കാട് എസ് എച്ച് ഒ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്, എസ് ഐ രാധാകൃഷ്ണന്‍ എ വി‍, പോലീസ് ഓഫീസര്‍ ജിജി, ജനപ്രതിനിധികളായ എ സി ആനന്ദന്‍, പി എ നാസര്‍, എ എ മഹേന്ദ്രന്‍, കെ ജെ ചാക്കോ, അഷ്‌ക്കര്‍ അലി, പി വി പീറ്റര്‍, എം ബി രാജലക്ഷ്മി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.