ചാവക്കാട് : എം.പി. ഫണ്ട് ഉപയോഗിച്ച് രണ്ടുവീട്ടുകാര്‍ക്കു മാത്രമായി പൈപ്പ് ലൈന്‍ വലിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ശ്രമം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ചാവക്കാട് നഗരസഭ അഞ്ചാംവാര്‍ഡില്‍ പുന്ന ക്ഷേത്രത്തിനു വടക്കുഭാഗത്തുകൂടെ, വില്ലേജിന്റെ സ്റ്റോപ്പ് മെമ്മോയുള്ള സ്ഥലത്താണ് പുതിയ പൈപ്പ് ലൈന്‍ വലിക്കാന്‍ ശ്രമം നടന്നത്.
വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദിന്റെ നേതൃത്വത്തിലാണ് പൈപ്പിടല്‍ തടഞ്ഞത്. തുടര്‍ന്ന് കരാറുകാരന്‍ പണി നിര്‍ത്തി. എം.പി. ഫണ്ടില്‍നിന്നാണ് പുന്നയിലെ രണ്ട് സ്ഥലങ്ങളില്‍ 600 മീറ്റര്‍ ദൂരത്തില്‍ പുതിയ പൈപ്പിടാന്‍ നാലുലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍, വാര്‍ഡ് കൗണ്‍സിലര്‍ പോലും അറിയാതെയാണ് രണ്ട് വീടുകള്‍ മാത്രമുള്ള സ്ഥലത്തേക്ക് 100 മീറ്റര്‍ പുതിയ പൈപ്പിടാന്‍ സ്ഥലം കണ്ടെത്തിയതെന്നായിരുന്നു ആരോപണം. ഈ വാര്‍ഡില്‍ത്തന്നെ നിരവധി വീട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പല സ്ഥലങ്ങളിലും കനത്ത കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് എം.പി. ഫണ്ട് രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം.
600 മീറ്ററില്‍ 500 മീറ്ററിന്റെ മറ്റൊരു പൈപ്പിടല്‍ ജോലി വാര്‍ഡിലെ സെയ്താലി കോളനിയിലേക്കാണ് നടത്തുന്നത്. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ഈ പ്രദേശത്തേക്ക് 600 മീറ്റര്‍ പൈപ്പ് ലൈന്‍ കൊണ്ടുപോലും എല്ലാവര്‍ക്കും വെള്ളമെത്താതിരിക്കുമ്പോഴാണ് രണ്ട് വീടുകള്‍ക്ക് മാത്രമായി പൈപ്പിടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ പൈപ്പ് സെയ്താലി കോളനിയിലെ കുടുംബങ്ങള്‍ക്ക് പൂര്‍ണമായി വെള്ളം എത്തിക്കാനായി ഉപയോഗിക്കണമെന്ന് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദ് ആവശ്യപ്പെട്ടു.