Header

ജിഷ വധം : ഡി എച്ച് ആര്‍ എം ചാവക്കാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട് : കഴിഞ്ഞ 64 വര്‍ഷം ദളിതര്‍ക്കും ആദിവാസികള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ച പണം കൂട്ടിയാല്‍ ഇന്ന് ഈ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാകുമായിരുന്നുവെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം പറഞ്ഞു. പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതികളെ പിടിക്കാത്തതില്‍ ഡി എച്ച് ആര്‍ എം ചാവക്കാട് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ദളിത് ആദിവാസികളുടെ ക്ഷേമത്തിനായി ഇത്രയും കോടികള്‍ ചെലവഴിച്ചിട്ടും ദളിതരും ആദിവാസികളും ഇപ്പാഴും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും അടച്ചുറപ്പില്ലാത്തതുമായ സ്ഥലങ്ങളിലാണ് നരക തുല്യമായ ജീവിതം നയിക്കുന്നത്. വിദ്യാഭ്യാസ രംഗത്തുപോലും ഉയര്‍ന്നുവരുവാന്‍ സമൂഹം അനുവദിക്കുന്നില്ലെന്നതിന്റെ അവസാന തെളിവാണ് ജിഷയ്ക്കുണ്ടായ ദുരന്തം. സംരക്ഷിക്കാന്‍ അവകാശപ്പെട്ട രാഷ്ട്രീയ മത സാമുഹിക സംവിധാങ്ങള്‍ക്കു മുമ്പില്‍ നിലവിളിക്കേണ്ട അവസ്ഥയില്‍ നിന്നും ദളിത് ആദിവാസി സമൂഹത്തിന് എന്ന് മോചനമാകുമെന്നും അവര്‍ ചോദിച്ചു. ജയിലില്‍കിടക്കുന്നവരില്‍ ഭൂരിഭാഗവും ദളിതരാണ്. ചെയ്യാത്ത കുറ്റം മേലാളന്‍മാര്‍ക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്നവരാണ് അവരില്‍ ഭൂരിഭാഗവും. രണ്ട് നീതിയാണ് സമൂഹത്തിലുള്ളത്. ദളിതരുടെ പരാതി പോലീസ് സേ്റ്റഷനില്‍ പരാതിക്കാരന്റെ മുന്നില്‍വെച്ചു തന്നെ ചീന്തികളയുന്ന പോലീസ് സേ്റ്റഷനുകള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. കുറ്റം ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ അല്പ ദിവസത്തിനകം പുറത്തിറങ്ങി അതേ കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നു. കുറ്റം ചെയ്യുന്നവര്‍ ഇനിയൊരിക്കലും സൂര്യപ്രകാശം കാണില്ലെന്നു വന്നാലേ നിലവിലുള്ള നിയമസംവിധാനത്തിന് വിലയുണ്ടാകുകയുള്ളൂവെന്നും സെലീന പറഞ്ഞു. ജിഷകൊലപാതകം സി ബി ഐ അനേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . ഒന്നിപ്പ് മാസിക എഡിറ്റര്‍ അനില്‍കുമാര്‍, മോഹന്‍ പാച്ചാംപുള്ളി, വിപിന്‍ കുരഞ്ഞിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തിനു മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. ചാവക്കാട് എസ് ഐ എം കെ രമേഷ്, ജൂനിയര്‍ എസ് ഐ കെ കെ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. പ്രസംഗവും, യോഗനടപടികളും, പ്രകടനവും പോലീസ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി.

thahani steels

Comments are closed.