Header

ശ്രീകൃഷ്ണ കോളേജ് അപകടം – സുധിലക്ക് ജോലി നല്‍കുന്നതിനുള്ള അനുമതി പത്രം കൈമാറി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുധിലക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി നല്‍കുന്നതിനുള്ള അനുമതി പത്രം കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, പി.കെ. സുധാകരന്‍, സി. അശോകന്‍. അഡ്മിനിസ്‌ട്രേറ്റര്‍ സി.എന്‍. അച്യുതന്‍ നായര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡി. ജയപ്രസാദ് എന്നിവര്‍ കാണിപ്പയ്യൂരിലുള്ള സുധിലയുടെ വീട്ടിലെത്തിയാണ് അനുമതി പത്രം കൈമാറിയത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ബി എ എക്കണോമിക്സ് വിദ്യാര്‍ഥിയായിരുന്ന സുധിലയുടെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ഫിസിയോതെറാപ്പി ചികിത്സയാണ് നടക്കുന്നത്. സുഖം പ്രാപിച്ചശേഷമേ ജോലിക്ക് പോകാന്‍ കഴിയൂ. ആസ്പത്രിയിലെ ചികിത്സാ ചെലവുകള്‍ ദേവസ്വമാണ് നല്‍കിയത്.
കഴിഞ്ഞ ഫിബ്രവരി 18നായിരുന്നു കോളേജ് അങ്കണത്തിലെ മരങ്ങള്‍ കടപുഴകി വീണു അപകടം സംഭവിച്ചത്. അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി ചിറ്റിലപ്പിള്ളി ശങ്കരന്‍ മഠത്തില്‍ അശോകന്റെ മകള്‍ അനുഷയാണ് (18)അന്ന് അപകടത്തില്‍ മരണപ്പെട്ടത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി-സോണ്‍ കലോത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ക്യാമ്പസിലെ വൈശാലി പാറയ്ക്കു സമീപത്തെ മരം വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീഴുന്നത് കണ്ടു വിദ്യാര്‍ഥികള്‍ ഓടിയെങ്കിലും അഞ്ചുപേര്‍ മരത്തിനടിയില്‍ പെടുകയായിരുന്നു.

Comments are closed.