അവിയൂരിൽ ജോബ് ഫെസിലിറ്റേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പുന്നയൂർ : അഭ്യസ്തവിദ്യരായ തൊഴിലാന്വേഷകർക്ക് തൊഴിൽ തേടി പിടിക്കുന്നതിനും, തൊഴിൽ നേടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനും സഹായകരമായ കേരള സംസ്ഥാന സർക്കാരിൻറെ നൂതന പദ്ധതിയായ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായ ജോബ് ഫെസിലിറ്റേഷൻ സെൻ്റർ പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. അവിയൂരിലെ ലൈബ്രറി ഹാളിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.

ഡി ആർ പി മാരായ എംപി ഇക്ബാൽ മാസ്റ്റർ, വി സമീർ, ആർ ജി എസ് എ ബ്ലോക്ക് കോഡിനേറ്റർ ശാന്തി കൃഷ്ണ എന്നിവർ വിജ്ഞാനകേരളം പദ്ധതിയെ കുറിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എ. വിശ്വനാഥൻ മാസ്റ്റർ, എ. കെ. വിജയൻ, വാർഡ് മെമ്പർമാരായ രജനി ടീച്ചർ, ഷൈബ ദിനേശൻ, എ. സി ബാലകൃഷ്ണൻ കുടുംബശ്രീ ചെയർപേഴ്സൺ അനിത സുരേഷ്, സി ഡി എസ് മെമ്പർമാർ, കമ്മ്യൂണിറ്റി അംബാസിഡർ, മറ്റ് ആർ പി മാർ, വിജ്ഞാനകേരള എൽ ആർ പി മാർ കമ്മ്യൂണിറ്റി കൗൺസിലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുക. സർക്കാരിൻറെ തൊഴിൽ പോർട്ടലായ ഡി ഡബ്ല്യു എം എസ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും, ഏപ്രിൽ 26 ന് തൃശൂരിൽ നടക്കുന്ന മെഗാ ജോബ് ഫെയറായ തൊഴിൽ പൂരത്തിന് ആവശ്യമായ സഹായങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളും ഇവിടെ നിന്ന് ലഭ്യമാകും.

Comments are closed.